മൃതദേഹത്തില്‍നിന്ന‌് സ്വര്‍ണമാല മോഷ്ടിച്ച ആശുപത്രി ജീവനക്കാരി അറസ‌്റ്റില്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രി വരാന്തയില്‍ കിടത്തിയിരുന്ന മൃതദേഹത്തില്‍നിന്ന‌് സ്വര്‍ണമാല മോഷ്ടിച്ച ആശുപത്രി ജീവനക്കാരി അറസ‌്റ്റില്‍. ആശുപത്രിയിലെ ഗ്രേഡ് 2 അറ്റന്‍ഡറായ പന്തളം സ്വദേശി ജയലക്ഷ്മി(35) യെയാണ് മെഡിക്കല്‍ കോളേജ് പൊലീസ‌് അറസ‌്റ്റുചെയ‌്തത‌്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. പ്രാഥമികാന്വേഷണത്തില്‍ കുറ്റക്കാരിയെന്ന‌് തെളിഞ്ഞ ജീവനക്കാരിയെ ആരോഗ്യമന്ത്രി കെ. കെ. ശൈലജയുടെ നിര്‍ദേശപ്രകാരം സസ‌്പെന്‍ഡ‌് ചെയ്തതു.
വിഷം കഴിച്ച് അബോധാവസ്ഥയില്‍ കണ്ടെത്തിയ മണക്കാട് സ്വദേശി രാധയെ വ്യാഴാഴ്ച രാത്രി പതിനൊന്നിന് മെഡിക്കല്‍ കോളേജ‌് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാം വാര്‍ഡില്‍ ചികിത്സയിലായിരുന്ന രാധ വെളളിയാഴ്ച രാവിലെ എട്ടോടെ മരിച്ചു. തുടര്‍ നടപടികള്‍ക്കായി മാറ്റിയ മൃതദേഹത്തിലുണ്ടായിരുന്ന ഒരു പവന്റെ മാലയാണ് മോഷ്ടിച്ചത്.

മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനുമുമ്ബ് മാല മോഷണം പോയതായി ബന്ധുക്കള്‍ ആശുപത്രി അധികൃതരെ അറിയിച്ചു. എസ‌്‌ഐ ആര്‍ എസ‌് ശ്രീകാന്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ‌് ജയലക്ഷ്മി കുറ്റക്കാരിയാണെന്ന‌് കണ്ടെത്തിയത‌്. അറസ്റ്റ് രേഖപ്പെടുത്തിയെന്ന‌് ഇന്‍സ‌്പെക്ടര്‍ അരുണ്‍ അറിയിച്ചു.

സംഭവത്തില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടും മെഡിക്കല്‍ കോളേജ് ഇന്‍സ‌്പെക്ടറും അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. അതേസമയം ആര്‍എംഒ ഡോ. മോഹന്‍ റോയ് നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരിയെന്ന‌് കണ്ടെത്തി. ഇതേത്തുടര്‍ന്ന‌് ജയലക്ഷ്മിയെ സസ്പെന്‍ഡ‌് ചെയ്തതായി ആശുപത്രി സൂപ്രണ്ട‌് ഡോ. എം എസ് ഷര്‍മദ‌് അറിയിച്ചു.

