മൂന്നാറിലേക്കും നെല്ലിയാമ്പതിയ്ക്കും യാത്രയൊരുക്കി കെ.എസ്.ആര്‍.ടി.സി
താമരശേരി: ചുരം കയറിയുള്ള വയനാടന്‍ കാഴ്ചകള്‍ക്ക് ശേഷം കെ.എസ്.ആര്‍.ടി.സി ബസ് ഓടുന്നത് മൂന്നാറിലേക്കും നെല്ലിയാമ്പതിയിലേക്കും. താമരശേരി ഡിപ്പോയാണ് വയനാടന്‍ യാത്രയ്ക്കുശേഷം മൂന്നാറിലേക്കും പാലക്കാടിൻ്റെ സൗന്ദര്യമായ നെല്ലിയാമ്പതിയ്ക്കും യാത്രയൊരുക്കുന്നത്. മൂന്നാറില്‍ കറങ്ങി രണ്ട് ദിവസകൊണ്ടും നെല്ലിയാമ്പതിയില്‍ നിന്ന് ഒരു ദിവസം കൊണ്ടും തിരിച്ചെത്തുന്നത രീതിയിലാണ് യാത്ര ക്രമീകരണം. 39 പേര്‍ക്ക് യാത്ര ചെയ്യാവുന്ന എയര്‍ബസ്സിൻ്റെ ആദ്യ മൂന്നാര്‍ യാത്ര ശനി രാവിലെ ഒമ്പതിന് താമരശേരി ഡിപ്പോയില്‍ നിന്ന് ആരംഭിക്കും. അന്ന് രാത്രി സന്ദര്‍ശകര്‍ക്ക് മൂന്നാറില്‍ പ്രത്യേകം തയ്യാറാക്കിയ കെഎസ്‌ആര്‍ടിസി സ്ലീപ്പര്‍ ബസ്സില്‍ അന്തിയുറങ്ങാം. ഞായര്‍ രാവിലെ ടാറ്റാ ടീ മ്യൂസിയം, ടോപ്പ് സ്റ്റേഷന്‍, കുണ്ടള ഡാം, ഇക്കോ പോയന്റ്, ഫിലിം ഷൂട്ടിങ് പോയന്റ്, ബോട്ടിങ് സൗകര്യമുള്ള മാട്ടുപെട്ടി ഡാം, ടീ ഗാര്‍ഡന്‍, ഫോട്ടോ പോയിന്റ്, ഫോറസ്റ്റ് ഫ്ലവര്‍ ഗാര്‍ഡന്‍ എന്നീ എട്ടു കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്താം.

രണ്ടു മണിക്കൂര്‍ ഷോപ്പിങ് സമയത്തിനു ശേഷം വൈകിട്ട് ഏഴിന് ബസ് മൂന്നാറില്‍നിന്ന് മടങ്ങി തിങ്കളാഴ്ച പുലര്‍ച്ചെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര. ഒരാള്‍ക്ക് 1750 രൂപയാണ് പാക്കേജ് ചെലവ്. ഭക്ഷണത്തിന്റെയും അഞ്ചു കേന്ദ്രങ്ങളിലെ ടിക്കറ്റ് നിരക്കും യാത്രക്കാര്‍ വഹിക്കണം. പാലക്കാടന്‍ വനഭംഗി ആസ്വദിക്കുന്നതിനായി ഞായര്‍ പുലര്‍ച്ചെ നാലിന് 35 പേരുമായി ഷോര്‍ട്ട്വീല്‍ ബസ് യാത്രതിരിക്കും. പാലക്കാട്, വരയാട്ടുമല പോയിന്റ്, സീതാര്‍കുണ്ട്, പോത്തുപാറ, കേശവന്‍പാറ, പോത്തുണ്ടി ഡാം എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് തിരിച്ച് രാത്രിയോടെ താമരശേരിയില്‍ എത്തുന്ന രീതിയിലാണ് യാത്ര. നാലുനേരത്തെ ഭക്ഷണമുള്‍പ്പെടെ 1050 രൂപയാണ് ഒരാളില്‍നിന്ന് ഈടാക്കുക. മറ്റ് വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കും യാത്രയ്ക്കുളള പ്രോജക്‌ട് നല്‍കിയിരിക്കുകയാണെന്നും ബജറ്റ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്ന ഇന്‍സ്പെക്ടര്‍ കെ ബൈജു പറഞ്ഞു. നിലമ്ബൂര്‍, ആഡ്യന്‍പാറ, തേക്ക് മ്യൂസിയം യാത്ര അംഗീകാരം ലഭിച്ചാല്‍ ഉടന്‍ ആരംഭിക്കും. നിലവില്‍ പൂക്കോട്, മൂന്നാര്‍, നെല്ലിയാമ്ബതി പദ്ധതികള്‍ ബുക്കിങ് അനുസരിച്ച് തുടരുമെന്നും അദ്ദേഹം പറഞ്ഞു.


