KOYILANDY DIARY.COM

The Perfect News Portal

മൂന്നംഗ അന്തര്‍ സംസ്ഥാന മോഷണസംഘത്തെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു

തൃശൂര്‍: ബിരുദ ധാരിണിയായ യുവതി ഉള്‍പ്പെടെ മൂന്നംഗ അന്തര്‍ സംസ്ഥാന മോഷണസംഘത്തെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ എടമുട്ടം സ്വദേശിനി കൊട്ടുക്കല്‍ രശ്മി (23), ഭര്‍ത്താവ് കണ്ണൂര്‍ പെരിങ്ങോം സ്വദേശിയും കോയമ്ബത്തൂര്‍ കാമാച്ചിപുരം താമസക്കാരനുമായ ചെവിടിക്കുന്നേല്‍ ആച്ചി രാജേഷ് (റാഷിദ് 26), കോഴിക്കോട് വടകര കാര്‍ത്തികപ്പള്ളി സ്വദേശിയും കോയമ്ബത്തൂര്‍ താമസക്കാരനുമായ ഒത്തകല്‍ മണ്ഡപം മാക്കണിയില്‍ അനീഷ് ബാബു (35) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഏപ്രില്‍ എട്ടിന് എടമുട്ടം വാഴൂര്‍ ദിലീപിന്റെ വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസിലാണ് അറസ്റ്റ്.

രശ്മിയാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. ദിലീപും കുടുംബവും ഓസ്‌ട്രേലിയയിലേക്ക് പോയതായി അമ്മയുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെ അറിഞ്ഞ രശ്മി കാമാച്ചിപുരത്തെ തന്റെ വീട്ടിലേക്ക് അനീഷിനെ വിളിച്ചുവരുത്തിയാണ് കവര്‍ച്ച നടത്തിക്കുന്നത്. അനീഷും റാഷിദും ബൈക്കില്‍ തൃശൂരിലെത്തി. അവിടെ സ്വകാര്യ മെഡിക്കല്‍ കോളജ് കോമ്ബൗണ്ടില്‍ ബൈക്ക് പാര്‍ക്ക് ചെയ്ത് ബസില്‍ എടമുട്ടത്തെത്തുകയായിരുന്നു. വാഴൂര്‍ ദിലീപിന്റെ വീടിന്റെ മുന്‍വശത്തെ മണിച്ചിത്രത്താഴ് തകര്‍ത്ത് ലാപ്‌ടോപ്, മൊബൈല്‍ ക്യാമറ, ഐപാഡ്, ഡിജിറ്റല്‍ ആല്‍ബം, വിദേശ കറന്‍സികള്‍ എന്നിവ മോഷ്ടിച്ചു.

വീട്ടിലെ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇലക്‌ട്രിക് സ്‌കൂട്ടറും മോഷ്ടിച്ച്‌ മടങ്ങുകയായിരുന്നു. കാര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും ഓട്ടോമാറ്റിക് ആയതിനാല്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ അറിയാതെ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവത്രെ. വീട്ടിലെ എല്ലാ അലമാരകളും കുത്തിപ്പൊളിക്കുകയും ചെയ്തു.

Advertisements

ബി.സി.എ. ബിരുദധാരിണിയായ രശ്മി ബംഗളുരുവില്‍ ഐ.ടി. സ്ഥാപനത്തില്‍ ജോലിചെയ്തുകൊണ്ടിരിക്കെ ഒരുവര്‍ഷം മുമ്ബ് കണ്ണൂര്‍ സ്വദേശിയും ബസ് ജീവനക്കാരനുമായ റാഷിദുമായി പരിചയപ്പെടുകയും ഇരുവരും ഒന്നിച്ച്‌ ബംഗളുരു, ചെന്നൈ, കോയമ്ബത്തൂര്‍ എന്നിവിടങ്ങളിലായി ജീവിച്ചുവരികയുമാണെന്ന് പോലീസ് പറഞ്ഞു. തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരിക്കെ ഒന്നര ലക്ഷം രൂപ കവര്‍ച്ച ചെയ്തതിന് പിടിക്കപ്പെട്ടിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

റാഷിദ് മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിരവധി ഭവനഭേദന പോക്കറ്റടി കേസുകളില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍, കോഴിക്കോട് ജയിലുകളില്‍ കഴിഞ്ഞിട്ടുണ്ട്. ജയിലില്‍വച്ച്‌ അനീഷുമായി പരിചയപ്പെടുകയും ഇരുവരും കോയമ്ബത്തൂരില്‍ താമസമാക്കുകയും ചെയ്തു. ട്രെയിനില്‍ പതിവായി യാത്ര ചെയ്ത് യാത്രക്കാരുടെ ബാഗുകള്‍ മോഷ്ടിക്കുന്നതും ഇവരുടെ രീതിയാണ്.

ജയില്‍ മോചിതരായ മോഷ്ടാക്കളെ കുറിച്ചുള്ള പോലീസ് അന്വേഷണമാണ് ഇവരിലേക്കെത്തിയത്. മോഷണ മുതല്‍ കോയമ്ബത്തൂരിലെ വിവിധ കടകളില്‍ ഇവര്‍ വില്‍പ്പന നടത്തിയെങ്കിലും മുക്കാല്‍ ഭാഗവും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഫേമസ് വര്‍ഗീസിന്റെ മേല്‍നോട്ടത്തില്‍ വലപ്പാട് സി. ഐ: ടി.കെ. ഷൈജു, എസ്.ഐ: ഇ.ആര്‍. ബൈജു, എ.എസ്.ഐ: കെ.എ. ഹബീബ്, സി.പി.ഒമാരായ കെ. രാജേഷ്, ടി.ആര്‍. ഷൈന്‍, അര്‍ച്ചന എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *