മുസ്ലിം സമുദായത്തിനെതിരേ വര്‍ഗീയ പരാമര്‍ശം: ശ്രീധരന്‍പിള്ളയ്ക്കെതിരേ കേസെടുത്തു

തിരുവനന്തപുരം: മുസ്ലിം സമുദായത്തിനെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയ്ക്കെതിരേ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ 13നാണ് ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രന്റെ പ്രചരണ പരിപാടിയില്‍ ശ്രീധരന്‍പിള്ള വര്‍ഗീയ പരാമര്‍ശം നടത്തിയത്. ഇതിനെതിരേ ഇടതു മുന്നണിയുടെ ആറ്റിങ്ങല്‍ മണ്ഡലം കണ്‍വീനര്‍ വി.ശിവന്‍കുട്ടിയാണ് പരാതി നല്‍കിയത്. ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയും വിലയിരുത്തിയിരുന്നു.

തെരഞ്ഞെടുപ്പു കാലത്തു വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുംവിധത്തിലുള്ള പ്രസംഗം പാടില്ലെന്നും വര്‍ഗീയമായി ആക്ഷേപിക്കാന്‍ പാടില്ലെന്നുമുള്ള വ്യവസ്ഥകളാണു അദ്ദേഹം ലംഘിച്ചതെന്നും കമ്മീഷനു നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

