മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം: ആരാണ് തടയുന്നതെന്ന് സുപ്രീം കോടതി

ദില്ലി: സ്ത്രീകളെ മുസ്ലീം പള്ളികളില്‍ കയറുന്നതില്‍ നിന്ന് ആരാണ് തടയുന്നതെന്ന് സുപ്രീം കോടതി. സ്ത്രീകള്‍ പള്ളികളില്‍ കയറാന്‍ ശ്രമിച്ചിട്ടുണ്ടോയെന്ന് ചോദിച്ച സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് നല്‍കി. മക്കയില്‍ എന്താണ് സാഹചര്യമെന്നും കോടതി തിരക്കി. ശബരിമല വിധിയുള്ളത് കൊണ്ടാണ് കേസ് പരിഗണിക്കുന്നതെന്നും കോടതി വിശദമാക്കി.
കേന്ദ്ര സര്‍ക്കാര്‍, വക്കഫ് ബോര്‍ഡുകള്‍, മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് തുടങ്ങിയ എതിര്കക്ഷികള്‍ക്കാണ് നോട്ടീസ്. ക്ഷേത്രം, പള്ളി തുടങ്ങിയ ആരാധനലയങ്ങള്‍ക്കെതിരെ ഭരണഘടനയുടെ 14 ആം അനുച്ഛേദം ഉപയോഗിക്കാന്‍ കഴിയുമോ എന്നു കോടതി ചോദിച്ചു.

മുസ്ലിം പള്ളികളില്‍ പ്രാര്‍ത്ഥന നടത്താന്‍ സ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. മഹാരാഷ്ട്ര സ്വദേശികളായ മുസ്ലിം കുടുംബമാണ് ഈ ആവശ്യവുമായി കോടതിയിലെത്തിയത്. ജസ്റ്റിസ് എസ് എ ബോബ്ടെ, ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്

ശബരിമല സ്ത്രീ പ്രവേശന വിധി ചൂണ്ടിക്കാട്ടിയാണ് മുസ്ലിം പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. പള്ളികളിലെ ആരാധനയില്‍ സ്ത്രീകളെ വിലക്കുന്നത് ഭരണഘടനാപരമായ അവകാശത്തിന്‍റെ ലംഘനമാണെന്നും ഹര്‍ജിയില്‍ വിശദമാക്കുന്നുണ്ട്.

