മുസ്ലീംലീഗിനെതിരെ ആഞ്ഞടിച്ച് ഖമറൂന്നിസയുടെ മകന്‍ അസർ

കോഴിക്കോട്: ബിജെപിയെ പ്രശംസിച്ച് സംസാരിച്ച വനിതാലീഗ് അധ്യക്ഷ ഖമറൂന്നിസ അന്‍വറിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ മുസ്ലീംലീഗിനെതിരെ ആഞ്ഞടിച്ചു കൊണ്ട് ഖമറൂന്നിസയുടെ മകന്‍ അസര്‍ പള്ളിക്കല്‍ രംഗത്ത്.
മുസ്ലീം എന്ന പേരും വച്ച് മുസ്ലീമിന് നിഷിദ്ധമായ മദ്യപാനവും വ്യഭിചാരവും സ്വവര്‍ഗ്ഗരതിയും ചെയ്യുന്ന നേതാക്കന്‍മാരുടെ ലിസ്റ്റ് തരാമെന്നും അങ്ങനെ ചെയ്യുന്ന ആരെയെങ്കിലും ഇന്നു വരെ ലീഗില്‍ നിന്ന് പുറത്താക്കിയിട്ടുണ്ടോയെന്നും…. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അസര്‍ മുഹമ്മദ് ചോദിക്കുന്നു.

ഇക്കാര്യം പറഞ്ഞ് ചൊറിയാന്‍ വരുന്ന ലീഗുകാര്‍ക്ക് തെളിവ് തരാമെന്ന വെല്ലുവിളിയും അസര്‍ നടത്തുന്നുണ്ട്. ഖമറൂന്നിസ അന്‍വറിന്റെ മൂന്ന് മക്കളിലൊരാളായ അസര്‍ കോഴിക്കോട്ടെ വ്യാപാരിയാണ്.

ബിജെപിക്കെതിരെ ശക്തമായ പ്രചരണം നടത്തി മുന്നോട്ട് പോകുന്ന പാര്‍ട്ടിയുടെ സീനിയറായ നേതാവ് തന്നെ അവരുടെ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തതും പ്രശംസിച്ചു സംസാരിച്ചതും പാര്‍ട്ടിക്ക് ക്ഷീണമായെന്ന വികാരമാണ് ലീഗ് അണികള്‍ പങ്കുവയ്ക്കുന്നത്.

സോഷ്യല്‍മീഡിയയിലൂടേയും നേതൃത്വത്തെ നേരിട്ടും അവര്‍ ഈ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇതോടെയാണ് ഖമറൂന്നിസയ്ക്കെതിരെ നടപടിയുണ്ടാവില്ലെന്ന പ്രഖ്യാപിച്ച ശേഷം അവരെ വനിതാ ലീഗ് അധ്യക്ഷ സ്ഥാനത്ത് നിന്ന് പാര്‍ട്ടിക്ക് നീക്കേണ്ടി വന്നത്.
പാര്‍ട്ടിയുടെ വനിതാമുഖമായ ഖമറൂന്നിസയ്ക്കെതിരെ നേരെ ഇത്ര കടുത്ത നടപടി എടുത്തതില്‍ അവരെ അനുകൂലിക്കുന്നവര്‍ക്കും അമര്‍ഷമുണ്ട്.
പക്ഷേ ഒരു ഉന്നതനേതാവിനെ വിവരം അറിയിച്ച ശേഷമാണ് ബിജെപിയുടെ പരിപാടിയില്‍ പങ്കെടുത്തതെന്ന് ഖമറൂന്നിസ നേരത്തെ വ്യക്തമാക്കിയിരുന്നുവെങ്കിലും ആ നേതാവാരാണെന്ന് വ്യക്തമാക്കുകയോ പരിപാടിയില്‍ പങ്കെടുക്കാന്‍ ഖമറൂന്നിസയ്ക്ക് അനുമതി നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കുകയോ ചെയ്തിട്ടില്ലെന്ന് അവരെ പിന്തുണയ്ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തില്‍ വളര്‍ന്നു വരുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും അവര്‍ക്ക് നല്ല രീതിയിലുള്ള പ്രവര്‍ത്തനം കാഴ്ച്ച വയ്ക്കാന്‍ സാധിക്കട്ടെയെന്നുമുള്ള നിരുദ്രപകരമായ ആശംസയാണ് ഖമറൂന്നിസ നടത്തിയതെന്നും അതൊരു രാഷ്ട്രീയ മര്യാദ മാത്രമാണെന്നും ഖമറൂന്നിസ അനുകൂല പക്ഷം വിശദീകരിക്കുന്നു.
നടപടി ഇല്ലെന്ന് പ്രഖ്യാപിച ശേഷം ഖമറൂന്നിസ അന്‍വറിനെ പോലൊയൊരു മുതിര്‍ന്ന നേതാവിനെ ഈ രീതിയില്‍ പുറത്താക്കിയതില്‍ പലരും അമര്‍ഷം പ്രകടിപ്പിക്കുന്നുണ്ട്.
എന്നാല്‍ സംഘപരിവാറിനെതിരായ പോരാട്ടത്തില്‍ ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പും പാടില്ലെന്ന സന്ദേശമാണ് ഇത്ര മുതിര്‍ന്ന നേതാവിനെതിരെ ശക്തമായ നടപടി സ്വീകരിച്ചതിലൂടെ പുറത്തു വരുന്നതെന്നാണ് നടപടിയെ ന്യായീകരിക്കുന്നവര്‍ പറയുന്നത്. ലീഗ് അണികള്‍ക്കും നേതാക്കള്‍ക്കുമുള്ള ശക്തമായ സന്ദേശമാണിതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
