KOYILANDY DIARY.COM

The Perfect News Portal

മുന്‍ മന്ത്രി വി വിശ്വനാഥമേനോന്‍ അന്തരിച്ചു

കൊച്ചി> മുന്‍ ധനകാര്യമന്ത്രിയും എംപിയും ആദ്യകാല കമ്യൂണിസ‌്റ്റ‌് നേതാവുമായ വി വിശ്വനാഥ മേനോന്‍ അന്തരിച്ചു. 93 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന‌് കുറച്ചുകാലമായി അദ്ദേഹം ചികില്‍സയിലായിരുന്നു. വെള്ളിയാഴ്‌ച രാവിലെ എട്ടരയോടെ എറണാകുളം ലക്ഷ‌്മി ആശുപത്രിയിലായിരുന്നു അന്ത്യം.

അഡ്വ. അമ്ബാടി നാരായണ മേനോന്റെയും വടക്കൂട്ട‌് ലക്ഷ‌്മിക്കുട്ടിയമ്മയുടെയും പുത്രനായി 1927 ജനുവരി 15 ന‌് എറണാകുളത്താണ‌് വി വിശ്വനാഥ മേനോന്‍ ജനിച്ചത‌്. എറണാകുളം ശ്രീരാമവര്‍മ സ‌്കൂളിലും മഹാരാജാസ‌് കോളേജിലും മുംബൈ ലോ കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഹൈക്കോടതിയിലും മറ്റ‌് കോടതികളിലും അഭിഭാഷകനായിരുന്നു.

വിദ്യാര്‍ഥിയായിരിക്കെ സ്വാതന്ത്ര്യ സമരത്തിലും വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലും സജീവമായിരുന്നു. അഖില കൊച്ചി വിദ്യാര്‍ഥി ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. പ്ര‌ക്ഷേ‌ാഭങ്ങളില്‍ പങ്കെടുത്തതിനാല്‍ നിരവധി തവണ അറസ‌്റ്റ‌് ചെയ്യപ്പെട്ടു. 1940 ല്‍ യുദ്ധ സഹായ ഫണ്ടിന്റെ ധനശേഖരാണാര്‍ഥം ബ്രിട്ടന്റെ ‘യൂണിയന്‍ ജാക‌്’ പതാക വില്‍പ്പന എറണാകുളത്തെ സ‌്കൂളുകളില്‍ നടത്താന്‍ തീരുമാനിച്ചതിന‌് എതിരായി പ്രവര്‍ത്തിച്ചു. ഇതേ തുടര്‍ന്ന‌് 13ാം വയസില്‍ ആദ്യമായി അറസ‌്റ്റ‌് ചെയ്യപ്പെട്ടു. 1946 ല്‍ ജവഹര്‍ലാല്‍ നെഹ‌്റുവിനെ അറസ‌്റ്റ‌് ചെയ‌്തതില്‍ പ്രതിഷേധിച്ച‌് എറണാകുളത്ത‌് വിദ്യാര്‍ഥികള്‍ ഒന്നടങ്കം നടത്തിയ പ്രകടനത്തിനും തുടര്‍ന്ന‌് ഉത്തരവാദിത്ത ഭരണ ദിനാചരണത്തിനും നേതൃത്വം നല്‍കി . ഇതേ തുടര്‍ന്നും അറസ‌്റ്റ‌് ചെയ്യപ്പെട്ടു.

Advertisements

1947 ല്‍ മഹാരാജാസ‌് കോളേജ‌് വിദ്യാര്‍ഥിയായിരുന്നു. അക്കാലത്ത‌് അമ്ബാടി വിശ്വം എന്ന പേരിലാണ‌് അറിയപ്പെട്ടത‌്. സ്വാതന്ത്ര്യദിനത്തില്‍ മഹാരാജാസ‌് കോളേജില്‍ ദേശീയ പതാകയ‌്ക്കൊപ്പം കൊച്ചി മഹാരാജാവിന്റെ പതാക കൂടി ഉയര്‍ത്തണം എന്ന സര്‍ക്കാര്‍ ഉത്തരവിനെ വെല്ലുവിളിച്ച‌് കൊച്ചി രാജാവിന്റെ പതാക വലിച്ചു കീറി കത്തിച്ചു. ഇതേ തുടര്‍ന്ന‌് കൊച്ചി സര്‍വകലാശാലയില്‍ നിന്നും മഹാരാജാസ‌് കോളേജില്‍ നിന്ന‌ും പുറത്താക്കി. കൊച്ചി രാജാവ‌് പുറപ്പെടുവിച്ച ക്രമിനല്‍ നടപടി ഭേദഗതി നിയമത്തിനെതിരായി അസംബ്ലി കൈയേറ്റക്കേസില്‍ അറസ‌്റ്റ‌് ചെയ്യപ്പെട്ടു. 1949 ല്‍ പുണെ ലോ കോളേജില്‍ ചേര്‍ന്നു. പിന്നീട‌് മുംബൈ ലോ കോളേജിലേക്ക‌് മാറി. 1945 ല്‍ ഇന്ത്യന്‍ കമ്യൂണിസ‌്റ്റ‌് പാര്‍ടി അംഗമായി. കമ്യൂണിസ‌്റ്റ‌് പാര്‍ടിയും വിദ്യാര്‍ഥി ഫെഡറേഷനും നിയമ വിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ നിരോധം ലംഘിച്ച‌് എറണാകുളത്ത‌് വിദ്യാര്‍ഥി ജാഥ നയിച്ചു. തുടര്‍ന്ന‌് ഒളിവില്‍ പോയി.

1950 ഫെബ്രുവരി 28 ന‌് ഇടപ്പളളി പൊലീസ‌് സ‌്റ്റേഷനില്‍ മര്‍ദ്ദനം അനുഭവിച്ചിരുന്ന കമ്യൂണിസ‌്റ്റ‌് പാര്‍ടി പ്രവര്‍ത്തകരുടെ രക്ഷയ‌്ക്കെത്തി പൊലീസുമായി ഏറ്റുമുട്ടി. തുടര്‍ന്ന‌് ഇടപ്പള്ളി പൊലീസ‌് സ‌്റ്റേഷന്‍ ആക്രമണക്കേസില്‍ പ്രതിയായി. 1950‌ ജൂലൈ 12 ന‌് ന്യൂഡല്‍ഹിയില്‍ അറസ‌്റ്റിലായി. ഡല്‍ഹിയിലെ ജയിലില്‍ ഏകാന്ത തടവ‌് അനുഭവിച്ചു. ഇന്ത്യയിലെ വിവിധ ജയിലുകളില്‍ മാറിമാറിക്കിടന്ന‌് ഒടുവില്‍ ആലുവ ജയിലിലെത്തി.

പിന്നീട‌് ഇടപ്പള്ളി കേസില്‍ നിരപരാധി എന്നുകണ്ട‌് കോടതി വിട്ടയച്ചു. പിന്നീട‌് നിയമപഠനം പൂര്‍ത്തിയാക്കി അഭിഭാഷകനായി. 1956 ല്‍ എറണാകുളം മുനിസിപ്പല്‍ കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. മട്ടാഞ്ചേരി, എറണാകുളം, ഫോര്‍ട്ടുകൊച്ചി എന്നീ പ്രദേശങ്ങള്‍ ചേര്‍ത്ത‌് കൊച്ചി നഗരസഭ ഉണ്ടാക്കണം എന്ന പ്രമേയത്തിന്റെ അവതാരകനായിരുന്നു. 196-0 ല്‍ നിയമ സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്തു നിന്ന‌് കമ്യൂണിസ‌്റ്റ‌് പാര്‍ടി സ്ഥാനാര്‍ഥിയായി മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു.

1964 ല്‍ പാര്‍ടി പിളര്‍ന്നപ്പോള്‍ സിപിഐ എമ്മില്‍ നിലകൊണ്ടു. 1964 ല്‍ ചൈനീസ‌് ചാരനെന്ന പേരില്‍ അറസ‌്റ്റ‌് ചെയ്യപ്പെട്ടു. 18 മാസം ജയിലില്‍ കഴിഞ്ഞു. 1967 ലെ പാര്‍ലമെന്റ‌്‌ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ നിന്ന‌് മുന്‍ കേന്ദ്രമന്ത്രി എ എം തോമസിനെതിരെ സിപിഐ എം സ്ഥാനാര്‍ഥിയായി മല്‍സരിച്ച‌് വിജയിച്ചു. പാര്‍ലമെന്റിന്റെ പല പ്രധാന കമ്മിറ്റികളിലും അംഗമായിരുന്നു. കൊച്ചി സര്‍വകലാശാല രൂപീകരിച്ചപ്പോള്‍ നോമിനേറ്റ‌് ചെയ‌്ത സെനറ്റില്‍ അംഗമായി. 1971 ല്‍ നടന്ന പാര്‍ലമെന്റ‌് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. 1974 ല്‍ രാജ്യസഭയിലേക്ക‌് തെരഞ്ഞെടുക്കപ്പെട്ടു. അക്കാലത്താണ‌് അടിയന്താരാവസ്ഥയില്‍ ഉണ്ടായ രാജന്‍ സംഭവം രാജ്യസഭയിലൂടെ ആദ്യമായി ഉന്നയിച്ചത‌്. കേന്ദ്ര സര്‍ക്കാര്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക‌് നല്‍കുന്ന താമ്രപത്രം നിരസിച്ചു. സിഐടിയു അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റിയംഗമായിരുന്നു.

1987 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍ നിന്ന‌് മല്‍സരിച്ചു വിജയിച്ച‌് ഇ കെ നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായി. പില്‍ക്കാലത്ത‌് അദ്ദേഹം കുറച്ചു കാലം പാര്‍ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന‌് വിട്ടു നിന്നിരുന്നു. ആത‌്മകഥയായ ‘കാലത്തിനൊപ്പം മായാത്ത ഓര്‍മകള്‍’ ഗാന്ധിയുടെ പീഡാനുഭവങ്ങള്‍ (നാടക വിവര്‍ത്തനം) , മറുവാക്ക‌് (ലേഖന സമാഹാരം) എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചു.

ഭാര്യ: കെ പ്രഭാവതി മേനോന്‍ (റിട്ട. ടീച്ചര്‍) മക്കള്‍: അഡ്വ. വി അജിത‌് നാരായണന്‍ (മുന്‍ സീനിയര്‍ ഗവ. പ്ലീഡര്‍) ഡോ. വി മാധവചന്ദ്രന്‍, മരുമക്കള്‍: ഡോ. ശ്രീജ അജിത്‌ (അസി. പ്രൊഫസര്‍ സെന്റ‌് പീറ്റേഴ‌്സ‌് കോളേജ‌്, കോലഞ്ചേരി) പ്രീതി മാധവ‌് (അസി. പ്രൊഫസര്‍ എംഇഎസ‌് കോളേജ‌്, എടത്തല) കലൂര്‍ ദേശാഭിമാനി റോഡ‌് ടാഗോര്‍ സ‌്ട്രീറ്റ‌് വടക്കൂട്ട‌് വീട്ടിലായിരുന്നു താമസം.

Share news

Leave a Reply

Your email address will not be published. Required fields are marked *