മുഖ്യമന്ത്രി പിണറായി വിജയന് കനത്ത സുരക്ഷ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചു. നാല് കമാന്‍ഡോകളെക്കൂടി അദ്ദേഹത്തിന്റെ സുരക്ഷാസംഘത്തില്‍ ഉള്‍പ്പെടുത്തി. സ്റ്റേറ്റ് സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.
ആര്‍.എസ്.എസിന്റെ വധഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്റലിജന്‍സ് വിഭാഗം നല്‍കിയ ശുപാര്‍ശകൂടി പരിഗണിച്ചാണ് സുരക്ഷ വര്‍ധിപ്പിക്കുന്നതെന്നാണ് സൂചന. പിണറായി വിജയന്റെ തല കൊയ്യുന്നവര്‍ക്ക് ഒരുകോടി രൂപ പാരിതോഷികം നല്‍കുമെന്ന് മധ്യപ്രദേശിലെ ആര്‍.എസ്.എസ് സഹ പ്രചാര്‍ പ്രമുഖ് ഡോ. കുന്ദന്‍ ചന്ദ്രാവത്ത് പ്രസംഗിച്ചിരുന്നു. സംഭവം വിവാദമായതോടെ ചന്ദ്രാവത്തിന്റെ നിലപാടിനോട് യോജിപ്പില്ലെന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കിയിരുന്നു.

പ്രസ്താവന പിന്‍വലിക്കുന്നുവെന്ന് പിന്നീട് ചന്ദ്രാവത്തും പറഞ്ഞിരുന്നു. എന്നാല്‍ സുരക്ഷയില്‍ വിട്ടുവീഴ്ച വേണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ വര്‍ധിപ്പിക്കാനുള്ള തീരുമാനം എന്നാണ് സൂചന. നേരത്തെ മംഗളൂരുവിലെ മതസൗഹാര്‍ദ റാലിയില്‍ പങ്കെടുക്കാന്‍ പിണറായി വിജയനെ അനുവദിക്കില്ലെന്ന് സംഘപരിവാര്‍ സംഘടനകള്‍ പറഞ്ഞിരുന്നു.

എന്നാല്‍ കനത്ത സുരക്ഷയോടെ പിണറായി വിജയന്‍ റാലിയില്‍ പങ്കെടുക്കുകയും തന്നെ തടയുമെന്ന് പ്രഖ്യാപിച്ചവര്‍ക്കെതിരെ രൂക്ഷ വിമര്‍ശം ഉന്നയിക്കുകയും ചെയ്തിരുന്നു. നിലവില്‍ ആറ് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘമാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നത്. നേരത്തെ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ട സുരക്ഷാസംഘമാണ് ഉണ്ടായിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിതന്നെ ആവശ്യപ്പെട്ടത് അനുസരിച്ച് സുരക്ഷ കുറയ്ക്കുകയായിരുന്നു.

