KOYILANDY DIARY

The Perfect News Portal

മുംബൈ നഗരത്തില്‍ കനത്തമഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം: പലയിടത്തും ജനം കുടുങ്ങികിടക്കുന്നു

മുംബൈ:  മുംബൈ നഗരത്തിലും പരിസരപ്രദേശങ്ങളിലും കനത്തമഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം. ദാദര്‍, സയണ്‍, മാട്ടുംഗ, അന്ധേരി എന്നിവിടങ്ങളില്‍ സ്ഥിതി രൂക്ഷമാണ്. ഇവിടങ്ങളില്‍ നിരവധി മലയാളികള്‍ കഴിയുന്നുണ്ട്. ആളുകള്‍ കഴിയുന്നതും വീടുകളില്‍ത്തന്നെ കഴിയണമെന്നും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ശക്തമായ വേലിയേറ്റത്തിന് സാധ്യതയും കല്‍പ്പിക്കപ്പെടുന്നു. റോഡുകളില്‍ കിലോമീറ്റര്‍ ദൂരത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. സ്ഥിതി നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ സൈന്യത്തിന്റെ സേവനം ആവശ്യപ്പെട്ടു.

നഗരത്തില്‍ ചൊവ്വാഴ്ച പകല്‍ 8.30 മുതല്‍ 12 വരെ 86 മില്ലി മീറ്റര്‍ മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കൊളാബയില്‍ മാത്രം 150-200 മില്ലി മീറ്റര്‍ മഴപെയ്തു. താനെ, റെയ്ഗാദ്, പല്‍ഗാര്‍ എന്നീ ജില്ലകളിലും കനത്ത മഴയാണ്. വരുന്ന 48 മണിക്കൂറില്‍ മുംബൈ, സൌത്ത് ഗുജറാത്ത്, കൊങ്കണ്‍, ഗോവ, പടിഞ്ഞാറന്‍ വിദര്‍ഭ എന്നിവിടങ്ങളില്‍ 250 മില്ലി മീറ്റര്‍ മഴവരെ ലഭിക്കാമെന്നാണ് റിപ്പോര്‍ട്ട്.

റോഡ്-ട്രെയിന്‍, വ്യോമഗതാഗതം താറുമാറായി. നഗരത്തിന്റെ താഴ്ന്ന ഭാഗങ്ങളിലും റോഡുകളിലും ചേരികളിലും വെള്ളം കയറി. പൊലീസും ദുരന്തനിവാരണ സേനയും രംഗത്തിറങ്ങിയിട്ടുണ്ട്. ആള്‍നാശവും മറ്റ് അപകടങ്ങളും കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ബാന്ദ്ര-വാര്‍ളി സമുദ്രപാത അടച്ചിട്ടു.

Advertisements

താനെ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉച്ചയ്ക്കുശേഷം സ്കൂളുകള്‍ക്ക് അവധി നല്‍കി. ബാന്ദ്രയില്‍ റെയില്‍പാളങ്ങള്‍ വെള്ളത്തിനടിയിലാണ്. നിരവധി യാത്രക്കാര്‍ വീടുകളിലേക്ക് മടങ്ങാന്‍ കഴിയാതെ റെയില്‍വേ സ്റ്റേഷനുകളിലും മറ്റുമായി കുടുങ്ങിക്കിടക്കുന്നു.

100 വിളിച്ച്‌ സഹായം ആവശ്യപ്പെടാമെന്നും മുംബൈ പൊലീസിന്റെ ട്വിറ്റര്‍ പേജിലേക്ക് സന്ദേശമയച്ചാലും ഉടന്‍ സഹായമെത്തിക്കാന്‍ നടപടി സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. അടിയന്തര സാഹചര്യം പരിഗണിച്ച്‌ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ടെന്നും മുംബൈ പൊലീസ് കമീഷണര്‍ പറഞ്ഞു. പൊലീസ് സ്ഥിതിഗതികള്‍ അവലോകനം ചെയ്തു.

2005 ജൂലൈ 26നുശേഷമുണ്ടാകുന്ന ഏറ്റവും കനത്ത മഴയാണ് മുംബൈയില്‍ ചൊവ്വാഴ്ച ലഭിച്ചത്. അന്ന് നൂറുകണക്കിനാളുകളാണ് മരിച്ചത്. നിരവധിപേര്‍ ഭവനരഹിതരായി. ഒറ്റദിവസത്തില്‍ പെയ്തത് 944 മില്ലി മീറ്റര്‍ മഴയായിരുന്നു. അത്തരമൊരു സ്ഥിതി യുണ്ടായാല്‍ നേരിടാനുള്ള ഒരുക്കങ്ങളാണ് അധികൃതര്‍ നടത്തി വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *