KOYILANDY DIARY.COM

The Perfect News Portal

മിഷേല്‍ ഷാജിയുടെ മൊബൈല്‍ ഫോണും ബാഗും കണ്ടെത്താന്‍ കൊച്ചി കായലില്‍ തെരച്ചില്‍ നടത്തുന്നു

കൊച്ചി: ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ മിഷേല്‍ ഷാജിയുടെ മൊബൈല്‍ ഫോണും ബാഗും കണ്ടെത്താന്‍ കൊച്ചി കായലില്‍ മുങ്ങല്‍ വിദഗ്ദര്‍ തെരച്ചില്‍ നടത്തുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണ സംഘമാണ് സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ മുങ്ങിത്തപ്പുന്നത്. ഗോശ്രീ പാലത്തില്‍ നിന്ന് മിഷേല്‍ ചാടിയെന്ന് സംശയിക്കുന്ന ഭാഗത്താണ് തെരച്ചില്‍.

രാവിലെ പത്തരയ്ക്ക് ശേഷം ആരംഭിച്ച തെരച്ചില്‍ ഉച്ചകഴിഞ്ഞും തുടരുകയാണ്. ആഴം കൂടിയ ഈ ഭാഗത്ത് മൊബൈല്‍ ഫോണ്‍ കായലില്‍ വീണാലും കണ്ടെടുക്കുക എളുപ്പമല്ല. ഒഴുക്കുള്ളതിനാല്‍ ഫോണ്‍ വീണ സ്ഥലത്ത് ഇത് കാണാനും സാദ്ധ്യത കുറവാണ്. എങ്കിലും കേസില്‍ ഒരു സാദ്ധ്യതയും വിട്ടുകളയേണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുകളില്‍ നിന്ന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

 ഇതേ തുടര്‍ന്നാണ് തെരച്ചില്‍ ആരംഭിച്ചത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിര്‍ണായക തെളിവായ ഫോണിനു വേണ്ടിയും ഗോശ്രീ പാലത്തിന് കീഴില്‍ നാവിക സേന പരിശോധന നടത്തിയിരുന്നു. ഫോണിന്റെ അളവില്‍ ടൈല്‍സ് മുറിച്ചെടുത്ത് കായലിലേക്ക് എറിഞ്ഞതിനു ശേഷമായിരുന്നു തിരച്ചില്‍. എന്നിട്ടും ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മിഷേലിന്റെ ദുരൂഹ മരണത്തില്‍ നിര്‍ണായക തെളിവായ ഫോണും ബാഗും കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. കേസില്‍ അറസ്റ്റിലായ ക്രോണിന്റെ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ തിരിച്ചെടുക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

സംഭവ ദിവസം മിഷേല്‍ പള്ളിയില്‍ നിന്ന് പുറത്തിറങ്ങി ഇടത്തോട്ട് നടന്ന ശേഷം രണ്ട് മിനിറ്റിനുള്ളില്‍ തെക്കോട്ട് നടന്നു പോയത് ബൈക്കില്‍ വന്ന ആരെയോ കണ്ട് ഭയന്നിട്ടാണെന്ന സംശയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബൈക്ക് യാത്രക്കാരനെ കണ്ടെത്തി ചോദ്യം ചെയ്യാനും ക്രൈം ബ്രാഞ്ച് ഊര്‍ജിത ശ്രമം നടത്തുന്നുണ്ട്. ഇതിനായി പള്ളിക്ക് വടക്കുഭാഗത്തേക്കുള്ള റോഡിന് സമീപമുള്ള സി.സി.ടി.വി കാമറകള്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ബൈക്കിന്റെ നമ്ബറുള്ള ദൃശ്യം ലഭിച്ചാല്‍ ഉടമയെ കണ്ടെത്തി ചോദ്യം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഗോശ്രീ റോഡിലൂടെ പെണ്‍കുട്ടി നടന്നു പോകുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ക്കായി ഇവിടെയുള്ള ഫ്ലാറ്റുകളിലെയും മറ്റും സി.സി.ടി.വി കാമറകളും പരിശോധിക്കുന്നുണ്ട്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *