മിഠായിത്തെരുവ് സൗന്ദര്യവത്കരണ പദ്ധതിയുടെ ആദ്യഘട്ട പ്രവൃത്തിക്ക് തുടക്കമായി

കോഴിക്കോട്: മിഠായിത്തെരുവ് സൗന്ദര്യവത്കരണ പദ്ധതിയുടെ ആദ്യഘട്ട പ്രവൃത്തിക്ക് തുടക്കമായി. കെഎസ്ഇബിയുടെ പോസ്റ്റുകള്‍ മാറ്റി താല്‍ക്കാലിക കണക്ഷന്‍ കടകള്‍ക്ക് നല്‍കുന്ന ജോലിയാണ് ആരംഭിച്ചത്. രണ്ടുദിവസത്തിനകം ഈ പ്രവൃത്തിപൂര്‍ത്തിയാക്കും.
ഇതിനുശേഷം ഡ്രെയിനേജ് നിര്‍മാണം തുടങ്ങും. നിലവിലുള്ള ഡ്രെയിനേജ് പൊളിച്ചുമാറ്റിയാകും പുതിയത് പണിയുക. ബിഎസ്എന്‍എല്‍, ഫയര്‍, കേബിള്‍ വയറുകള്‍ ഭൂമിക്കടിയില്‍ സ്ഥാപിക്കുന്ന പ്രവൃത്തിയും വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈന്‍ മാറ്റലും ഇതോടൊപ്പം നടക്കും.

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൌണ്‍സില്‍ (ഡിടിപിസി) ആഭിമുഖ്യത്തില്‍ നടത്തുന്ന പദ്ധതിയുടെ പ്രവൃത്തി ഏറ്റെടുത്തത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ്. 3.64 കോടി രൂപയാണ് പദ്ധതിക്ക് ചെലവഴിക്കുന്നത്. റെയില്‍വേ സ്റ്റേഷന്‍ ജങ്ഷന്‍ മുതല്‍ 50 മീറ്റര്‍ ദൂരമാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കുക.

എട്ടു ഘട്ടങ്ങളായി പ്രവൃത്തി പൂര്‍ത്തീകരിക്കും. ഇരുപത് ദിവസത്തെ കാലയളവാണ് പ്രതീക്ഷിക്കുന്നത്. റെയില്‍വേ സ്റ്റേഷന്‍ ജങ്ഷന്‍ മുതല്‍ എസ്കെ പ്രതിമ വരെയുള്ള ഭാഗത്താണ് നവീകരണ പ്രവൃത്തി നടത്തുന്നത്.
പദ്ധതി നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന മേഖലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. റോഡിന്റെ ഇരുവശങ്ങളിലുമായി ഒന്നരമീറ്റര്‍ വീതം വീതിയില്‍ കോണ്‍ക്രീറ്റ് ഡ്രെയിനേജുകള്‍ക്ക് മുകളില്‍ സെമി പോളിഷ്ഡ് ഗ്രാനൈറ്റ് ഇടും. നിര്‍മാണ പ്രവൃത്തികള്‍ കച്ചവടക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ പൂര്‍ത്തീകരിക്കും.

