മിഠായിത്തെരുവിലേക്കുള്ള ഗതാഗത നിരോധനം അനുവദിക്കില്ല കേരള വ്യപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട്: മിഠായിത്തെരുവിലേക്കുള്ള ഗതാഗത നിരോധനം അനുവദിക്കില്ലെന്ന് കേരള വ്യപാരി വ്യവസായി ഏകോപന സമിതി യോഗത്തില്‍ വ്യപാരികള്‍ പറഞ്ഞു. ഗതാഗത നിരോധനത്തിനെതിരെ സംഘടിതമായി പ്രവര്‍ത്തിക്കും. 26-ന് മിഠായിത്തെരുവ് വഴിയുള്ള ഗതാഗതം നിരോധിച്ചാല്‍ ജില്ലയിലെ മുഴുവന്‍ വാഹനങ്ങളും ഓടാന്‍ അനുവദിക്കില്ലെന്നും യോഗത്തില്‍ പറഞ്ഞു. മിഠായിത്തെരുവ് നശിപ്പിക്കാന്‍ ഭൂമാഫിയയുടെ ശ്രമം നടക്കുന്നുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് ടി.നസ്റുദ്ദീന്‍ പറഞ്ഞു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മിഠായിത്തെരുവ് സിറ്റി സെന്‍ട്രല്‍ കമ്മിറ്റി അടിയന്തര ജനറല്‍ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് എ.വി.എം. കബീര്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട്ടെ ഏറ്റവും വലിയ വ്യാപാര കേന്ദ്രമായ മിഠായിത്തെരുവിനെ നശിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നാനാഭാഗത്ത് നിന്നും നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

26 മുതല്‍ മാര്‍ച്ച് നാല് വരെ പരീക്ഷണാടിസ്ഥാനത്തില്‍ വാഹന ഗതാഗതം നിരോധിക്കുമെന്ന് കമ്മിഷണര്‍ പറഞ്ഞിരുന്നു. കളക്ടറോ മന്ത്രിയോ പറഞ്ഞാല്‍ നിരോധിക്കാന്‍ കഴിയുന്നതല്ല മിഠായിത്തെരുവിലൂടെ പോവുന്ന വണ്ടികളെന്നും വ്യാപാരികള്‍ പറഞ്ഞു.

മിഠായിത്തെരുവില്‍ നടക്കുന്ന തീപ്പിടുത്തങ്ങളെക്കുറിച്ച് അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മിഠായിത്തെരുവിന് വേണ്ടി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം. ഇതുവരെ ഉണ്ടായ തീപ്പിടുത്തമെല്ലാം പിന്നില്‍ ഒഴിഞ്ഞ സ്ഥലമുള്ള കടകളിലാണ്.

ഭാവിയില്‍ തീപിടിക്കാതിരിക്കാനുള്ള ശാശ്വത പരിഹാരം ഉണ്ടാക്കണം. മിഠായിത്തെരുവിലേക്ക് വെള്ളം പമ്പ്
ചെയ്യാനുള്ള പ്രോജക്‌ട് എന്ത് കൊണ്ട് നടപ്പാക്കുന്നില്ലെന്നും വ്യാപാരികള്‍ ചോദിച്ചു. വെള്ളം ലഭ്യമാക്കുക, ഓവുചാല്‍ നവീകരിക്കുക, ഇലക്‌ട്രിക് ലൈനുകള്‍ ഭൂമിയ്ക്കടിയിലൂടെ ആക്കുക, മിഠായിത്തെരുവിന് മാത്രമായി ആധുനിക ഉപകരണങ്ങള്‍ അടങ്ങിയ ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ വ്യാപാരികള്‍ മുന്നോട്ട് വെച്ചു.
വ്യാപാരി നേതാക്കളുടെ നേതൃത്വത്തില്‍ മോണിറ്ററിങ് കമ്മിറ്റിയും സന്നദ്ധസേനയും രൂപവത്കരിക്കും. അഷ്റഫ് മൂത്തേടത്ത് മുഖ്യപ്രഭാഷണം നടത്തി. ഷെഫീക്ക് പട്ടാട്ട്, സേതുമാധവന്‍, എ.കെ. മന്‍സൂര്‍, പങ്കജ് ബുലാനി, ഹിമാചലപതി തുടങ്ങിയവര്‍ സംസാരിച്ചു.
