മിഠായിത്തെരുവിലെ മൂന്ന് കടകളില്‍നിന്ന് റേഷന്‍ മണ്ണെണ്ണ പിടികൂടി

കോഴിക്കോട്: മിഠായിത്തെരുവ് തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ സിവില്‍ സപ്ലൈസ് വിഭാഗം നടത്തിയ പരിശോധനയില്‍ മിഠായിത്തെരുവിലെ മൂന്ന് കടകളില്‍നിന്ന് റേഷന്‍ മണ്ണെണ്ണ പിടികൂടി. ടി.കെ. ടെക്റ്റൈല്സില്നിന്ന് എട്ടുലിറ്ററും മാക്സ് ഫുട്വെയറില് നിന്ന് പത്ത് ലിറ്ററും കളര്‍ പ്ലസ് റെഡിമെയ്ഡില്നിന്ന് പന്ത്രണ്ടര ലിറ്ററും റേഷന്‍ മണ്ണെണ്ണയാണ് പിടികൂടിയത്. കളക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാവിലെമുതല്‍ മിഠായിത്തെരുവിലെ മുഴുവന്കടകളിലും പരിശോധന നടത്തിയതില്‍നിന്നാണ് ഇവ കണ്ടെത്തിയത്. താലൂക്ക് സപ്ലൈ ഓഫീസര്‍ റഷീദ് മുതുക്കണ്ടി, സിറ്റി റേഷനിങ് ഓഫീസര്‍ സനല്‍കുമാര്‍, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ യു. അബ്ദുള്‍ ഖാദര്‍, ഡി.എസ്. സത്യജിത്ത്, ലളിതഭായി, വിനോദ്, സുഷമ, ദീപ്തി എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.
