മാലിന്യം ശേഖരിക്കാൻ അയൽസഭയുടെ തോണിയാത്ര

കൊയിലാണ്ടി : പ്രകൃതി രമണീയമായ കണയങ്കോട് പുഴയേയും അരികിലുള്ള കണ്ടല്‍ക്കാടിനെയും നശിപ്പിക്കുന്ന പ്ളാസ്റ്റിക് കുപ്പികള്‍ക്കെതിരെ നഗരസഭയിലെ 26-ാം ഡിവിഷനിലെ ചെന്താര അയല്‍സഭ ആരംഭിച്ച റെയ്ഡ് ശ്രദ്ധേയമാകുന്നു.
പുഴയിലൂടെ അരകിലോമീറ്റര്‍ മാത്രം സഞ്ചരിച്ചപ്പോഴേക്കും ഒരു തോണി നിറയെ പ്ളാസ്റ്റിക് കുപ്പികള്‍ ഇവര്‍ ശേഖരിച്ചു.കണയങ്കോട് പാലത്തിലൂടെ പോകുന്ന വാഹനങ്ങളിലെ യാത്രക്കാരില്‍ പലരും പുഴയിലേക്ക് വലിച്ചെറിയുന്ന പ്ളാസ്റ്റിക് കുപ്പികള്‍ ചെന്നുനില്‍ക്കുന്നത് കണ്ടല്‍ക്കാടിലാണ്. കാല്‍നടയാത്രക്കാരും പുഴയിലേക്ക് പ്ളാസ്റ്റിക് കുപ്പികള്‍ വലിച്ചെറിയാറുണ്ട്. പുഴയുടെ ഒഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയില്‍ പുഴയിലും കണ്ടല്‍ക്കാട്ടിലുമായി ആയിരക്കണക്കിന് കുപ്പികളാണ് തങ്ങി നില്‍ക്കുന്നത്.

പുഴയോരം അതിര്‍ത്തിയായ കൊയിലാണ്ടി നഗരസഭയിലെ 26-ാം ഡിവിഷന്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി നടത്തിക്കൊണ്ടിരിക്കുന്ന ശുചീകരണപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ചെന്താരയുടെ പ്രവര്‍ത്തകര്‍ രണ്ട് തോണികളിലായി പ്ളാസ്റ്റിക് കുപ്പികള്‍ പെറുക്കാന്‍ പുഴയിലിറങ്ങിയത്. തുടര്‍ന്നും റെയ്ഡ് നടത്താന്‍ ചെന്താര തീരുമാനിച്ചിട്ടുണ്ട്്. പി കെ ഇസ്മായില്‍, പി പി രാജന്‍, രത്നാകരന്‍, മജീദ്, വിനോദ്, അബൂബക്കര്‍ എന്നിവര്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

