KOYILANDY DIARY

The Perfect News Portal

മാരക രോഗത്തിന് ചികിത്സ തേടുന്നവര്‍ക്കായി കനിവിന്‍ കേന്ദ്രം ഒരുങ്ങി; ഉദ്ഘാടനം 31ന്

കോഴിക്കോട്: മാരക രോഗവുമായി മെഡിക്കല്‍ കോളജില്‍ എത്തുന്ന നിര്‍ധന രോഗികള്‍ക്ക് ചികിത്സാ കാലത്ത് താമസിക്കാന്‍ ഇടം തേടി ഇനി അലയേണ്ട. കാന്‍സര്‍, വൃക്ക രോഗികള്‍ക്ക് ആശ്വാസത്തിന്റെ തണലൊരുക്കുകയാണ് ഹെല്‍പിങ് ഹാന്‍ഡ്സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കെയര്‍ ഹോം.

കീമോ തെറപ്പി ഉള്‍പ്പെടെ കാന്‍സറിന് ചികിത്സ തേടുന്നവര്‍ക്കും വൃക്ക മാറ്റിവച്ചവര്‍ക്കും ലുക്കീമിയ ബാധിച്ച കുട്ടികള്‍ക്കും മെഡിക്കല്‍ കോളേജിലെ ചികിത്സാ കാലയളവില്‍ സൗജന്യമായി താമസിക്കാനും മികച്ച പരിചരണം ഉറപ്പാക്കാനുമാണ് ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തിനടുത്ത് കനിവിന്റെ ഇടമായി കെയര്‍ ഹോം പ്രവര്‍ത്തനം തുടങ്ങുന്നത്.

സ്നേഹ സൗഹൃദത്തിന്റെ ഉദ്ഘാടനം 31ന് വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. പ്രമുഖര്‍ സംബന്ധിക്കും. മെഡിക്കല്‍ കോളേജിനു സമീപം ഏഴ് നിലക്കെട്ടിടത്തില്‍ വൃത്തിയുള്ളതും അണുവിമുക്തവുമായ പരിചരണമാണ് വാഗ്ദാനം ചെയ്യുന്നത്. പൂര്‍ണമായും ശിതീകരിച്ച കെട്ടിടത്തില്‍ മൂന്ന് നിലകളിലായാണ് നൂറോളം രോഗികള്‍ക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കിയത്. രോഗികളും കൂട്ടിരിപ്പുക്കാരുമുള്‍പ്പെടെ 150 പേര്‍ക്കുള്ള താമസ സൗകര്യം ഇവിടെയുണ്ടാകും.

Advertisements

ഒന്നാം നിലയില്‍ രക്താര്‍ബുദത്തിന് ചികിത്സ തേടുന്ന കുട്ടികള്‍ക്കായി മിനി പാര്‍ക്കും ലൈബ്രറിയും അടക്കമുള്ള ക്രമീകരണങ്ങളുണ്ട്.
26 കുട്ടികള്‍ക്ക് ഇവിടെ താമസിക്കാന്‍ സാധിക്കും. രണ്ടാം നിലയില്‍ വൃക്ക മാറ്റിവച്ചവര്‍ക്കും മൂന്നാം നിലയില്‍ കാന്‍സര്‍ രോഗികള്‍ക്കുമാണ് താമസ സൗകര്യം. കുട്ടികള്‍ക്ക് മാത്രമായി ജനറല്‍ വാര്‍ഡുമുണ്ട്. നഴ്സിങ് റൂം, ഫാര്‍മസി, കൗണ്‍സലിങ്, കോണ്‍ഫറന്‍സ് ഹാള്‍, മെഡിറ്റേഷന്‍ ഹാള്‍, സ്റ്റഡി റൂമുകള്‍, കാന്റീന്‍ തുടങ്ങിയ സജ്ജീകരണങ്ങളുമുണ്ട്. സന്ദര്‍ശകര്‍ക്ക് വിലക്കുള്ളതിനാല്‍ രോഗികളുമായി സംവദിക്കാന്‍ വീഡിയോ കോണ്‍ഫറസ് ഹാള്‍, ബയോഗ്യാസ് പ്ലാന്റ്, അത്യാധുനിക വാട്ടര്‍ പ്യൂരിഫയര്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.

ഭക്ഷണവും താമസവും പൂര്‍ണ്ണമായും സൗജന്യമായിരിക്കുമെന്ന് കെയര്‍ ഹോം ചെയര്‍മാന്‍ പി കെ അഹമ്മദ് പറഞ്ഞു. മെഡിക്കല്‍ കോളേജിലെ ഓരോ വിഭാഗത്തിലേയും മേധാവികളുടെ നിര്‍ദേശപ്രകാരം ജീവിത ചുറ്റുപാടുകള്‍ അന്വേഷിച്ചാണ് രോഗികളെ പ്രവേശിപ്പിക്കുക. ആരോഗ്യ, സാമൂഹിക ക്ഷേമ രംഗത്ത് 25 വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചു വരുന്ന ഹെല്‍പിങ് ഹാന്‍ഡ്സ് മരുന്നു വിതരണം, ഭക്ഷണവിതരണം, മെഡിക്കല്‍ ക്യാംപുകള്‍, ആംബുലന്‍സ് സര്‍വീസ്, വീട്-ശുചിമുറി നിര്‍മാണം, കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കുള്ള ഉപകരണ വിതരണം എന്നിവയടക്കമുള്ള സേവനങ്ങള്‍ സൗജന്യമായി നല്‍കി വരുന്നു.

കൂടാതെ ബീച്ച്‌ ആശുപത്രി, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം, ചേവായൂര്‍ ത്വക് രോഗാശുപത്രി എന്നിവിടങ്ങളിലും സന്നദ്ധ സേവന വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നു കെയര്‍ ഹോം പ്രോജക്‌ട് സെക്രട്ടറി എം കെ നൗഫല്‍, കെ വി നിയാസ്, പി പി സക്കീര്‍ കോവൂര്‍ എന്നിവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *