മാനാഞ്ചിറയില്‍ മത്സ്യങ്ങള്‍ ചത്തുപൊന്തിയ സംഭവം: വൈറസ് ബാധയെന്ന് നിഗമനം

കോഴിക്കോട്: മാനാഞ്ചിറയില്‍ മത്സ്യങ്ങള്‍ ചത്തുപൊന്തിയ സംഭവത്തിന് പിന്നില്‍ തിലോപ്പി മത്സ്യങ്ങള്‍ക്ക് ബാധിക്കുന്ന പ്രത്യേകതരം വൈറസ് ബാധയെന്ന് നിഗമനം. തിലോപ്പി വിഭാഗത്തിലുള്ള മത്സ്യങ്ങളാണ് കൂടുതലും ചത്തതെന്നതിനാലും മാനാഞ്ചിറയിലെ വെള്ളത്തില്‍ മാരകമായ മാലിന്യങ്ങളൊന്നും കലര്‍ന്നതായി കണ്ടെത്താതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഇത്തരമൊരു നിഗമനത്തിലെത്തിച്ചേര്‍ന്നിരിക്കുന്നത്.
സി.എം.എഫ്.ആര്‍.ഐ. എറണാകുളം ആസ്ഥാനത്തെ ഫിഷ് ഡിസീസ് പാത്തോളജിസ്റ്റ് ഡോ.ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്തിമറിപ്പോര്‍ട്ട് വന്നാല്‍ മാത്രമെ ഇതിന് സ്ഥിരീകരണമാവൂ. അതേസമയം മാനാഞ്ചിറയിലെ വെള്ളത്തില്‍ ഇ-കോളി,ക്വാളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തിയ ശേഷം കുടിവെള്ളവിതരണം നടത്തും.

മത്സ്യങ്ങള്‍ ചത്ത സംഭവത്തിന് ശേഷം മാനാഞ്ചിറയില്‍ നിന്നും കുടിവെള്ളവിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. നിലവില്‍ ഫയര്‍ഫോഴ്സിനും, ബയോഗ്യാസ് പ്ലാന്റുകള്‍ക്കും വേണ്ടി മാത്രമാണ് മാനാഞ്ചിറയില്‍ നിന്ന് വെള്ളമെടുക്കുന്നത്.

നീലിച്ചിറയില്‍ നിന്നും ജപ്പാന്‍ കുടിവെള്ളപദ്ധതിയുടെ ബേപ്പൂരിലെയും ചെറുവണ്ണൂരിലെയും ടാങ്കുകളില്‍ നിന്നുമാണ് നഗരസഭാ പരിധിയിലേക്ക് ഇപ്പോള്‍ നഗരസഭ വെള്ളമെത്തിക്കുന്നത്. മാനാഞ്ചിറയിലെ കുടിവെള്ളത്തിലെ മാലിന്യം കാരണമല്ല മത്സ്യങ്ങള്‍ ചത്തതെന്ന് കാണിച്ചായിരുന്നു സി.ഡബ്ല്യു.ആര്‍.ഡി.എം കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

വെള്ളത്തിന്റെ പിഎച്ച് മൂല്യം സാധാരണയിലും വളരെ ഉയര്‍ന്ന അളവിലാണെന്നും ബാക്ടീരിയ സാന്നിധ്യം കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ രണ്ടാം തീയ്യതിയാണ് മാനാഞ്ചിറയില്‍ മത്സ്യങ്ങള്‍ ചത്തുപൊന്തിയത് സെക്യൂരിറ്റി ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടത്. കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം അധികൃതര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സി.ഡബ്ല്യു.ആര്‍.ഡി.എം ശാസ്ത്രജ്ഞരും സി.എം.എഫ്.ആര്‍.ഐ വിദഗ്ധസംഘവും മാനാഞ്ചിറയിലെത്തി പരിശോധന നടത്തി സാമ്ബിളുകള്‍ ശേഖരിച്ചിരുന്നു.
