മഹ ചുഴലിക്കാറ്റ് കേരള തീരം വിട്ടു

തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട മഹ ചുഴലിക്കാറ്റ് കേരള തീരം വിട്ടു. തീവ്ര ചുഴലിക്കാറ്റായി മാറിയ മഹാ കൂടുതല്‍ കരുത്താര്‍ജ്ജിച്ചു ഒമാന്‍ തീരത്തേക്ക് നീങ്ങുകയാണ്. ഒമാനില്‍ കനത്തമഴയും കാറ്റുമാണുള്ളത്. കടല്‍ ക്ഷോഭവും രൂക്ഷമാണ്.
മഹ കേരളത്തില്‍ നിന്ന് 500 കിലോമീറ്റര്‍ അകലേക്ക് മാറി കര്‍ണാടക,ഗോവ മേഖലയിലാണുള്ളത്. ഉഡുപ്പിയിലും പനാജിയിലുമടക്കം ഇന്ന് കനത്ത മഴക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെയാണ് ഇന്ന് ചുഴലിക്കാറ്റിന്റെ വേഗം. മഹ കേരള തീരം വിട്ടതോടെ കേരളത്തില്‍ മഴ അല്‍പം കുറഞ്ഞു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഉണ്ട്.

ലക്ഷദ്വീപിലും യെല്ലോ അലേര്‍ട്ടാണ്. ലക്ഷദ്വീപില്‍ മണിക്കൂറില്‍ 80 കിമീ വരെ വേഗതയിലും, കേരളത്തില്‍ 65 കിമീ വരെ വേഗതയിലും കാറ്റ് വീശും. കടല്‍ പ്രക്ഷുബ്ധമാകും. വടക്കന്‍ കേരളത്തില്‍ കൂടുതല്‍ ശകതമായ മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ട്. തീരപ്രദേശങ്ങളിലും മലയോര മേഖലകളിലുമുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. മീന്‍പിടുത്തക്കാര്‍ കടലില്‍ പോകരുത്.

