മല വെള്ളപ്പാച്ചില്‍ നിന്നും മൂന്നു കുടുംബങ്ങള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

കോതമംഗലം: ആര്‍ത്തലച്ചെത്തിയ മല വെള്ളപ്പാച്ചില്‍ നിന്നും മൂന്നു കുടുംബങ്ങളിലെ 15-ഓളം ജീവനുകള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്. നേര്യമംഗലം ചെമ്ബര്‍കുഴി ഷാപ്പുംപടിയില്‍ ഇന്നലെ രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ മലവെള്ളം ഒഴുകിയെത്തിയ പ്രദേശത്ത് താമസിച്ചിരുന്ന കൊച്ചു തൊട്ടിയില്‍ സണ്ണി, കിഴക്കേടത്ത് വേലപ്പന് നായര്‍, ഇല്ലത്തു കൂടി ജോളി എന്നിവരും കുടുംബാംഗങ്ങളുമാണ് ഭാഗ്യം കൊണ്ട് രക്ഷപെട്ടത്.
മലവെള്ളത്തോടൊപ്പം ഒഴുകിയെത്തിയ കല്ലും മണ്ണും മരങ്ങളും വീടിന് സമീപത്ത് അടിഞ്ഞ് ജലപ്രവാഹത്തിന്റെ ഗതി മാറിയതുകൊണ്ട് മാത്രമാണ് വന്‍ ദുരന്ത മൊഴിവായത്. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ വീടുകളോട് ചേര്‍ന്നുള്ള രണ്ട് കന്നുകാലി തൊഴുത്തുകള്‍ നശിച്ചു. ഒരു പശുവിന്റെ ജഡം താഴ്ഭാഗത്ത് കണ്ടെത്തി. ബാക്കിയുള്ളവ മണ്ണിനടിയിലാണ്.

സണ്ണിയുടെ വീട്ടുമുറ്റത്ത് കിടന്ന ഓട്ടോ 200 മീറ്ററോളം താഴെ തോട്ടിലെ നടപ്പാലത്തില്‍ തങ്ങിനില്ക്കുന്ന നിലയിലാണ് പുലര്‍ച്ചെ കണ്ടെത്തിയത്. ഈ മൂന്ന് കുടുംബങ്ങളുടെ വീടുകളില്‍ മലവെള്ളം കയറി. സണ്ണിയുടെ വീട് ഭാഗീകമായി നശിച്ചു. സംഭവമറിഞ്ഞ് രാത്രി തന്നെ പൊലീസ് – റവന്യൂ -ഫയര്‍ ഫോഴ്സ് സംഘങ്ങള്‍ ദുരന്ത മേഖലയിലെത്തി. ഈ മൂന്നു വിടുകളിലെ താമസക്കാരെയും സമീപത്തെ രണ്ട് കുടുംബങ്ങളെയും രാത്രി തന്നെ നീണ്ടപാറ സെന്റ് മേരീസ് എല്‍ പി സ്കൂളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചു.

രാത്രി 7.30 തോടെ ഉഗ്രശബ്ദത്തോടെ മലയുടെ ഒരു ഭാഗം താഴേയ്ക്ക് പതിക്കുകയായിരുന്നു. വെള്ളം കയറിതിനേത്തുടര്‍ന്ന് വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായ സണ്ണിയുടെ ഭാര്യയെയും മക്കളെയും മാതാവിനെയും സമീപവാസിയായ ഷിബുവും സുഹൃത്തുക്കളും ചേര്‍ന്ന് ഏറെ സാഹസിക മായിട്ടാണ് രക്ഷപെടുത്തിയത്. ആയിരം അടിയോളം ഉയരത്തില്‍ വനമേഖലയിലാണ് ഉരുള്‍പൊട്ടലിന്റെ ഉത്ഭവസ്ഥാനം. ഈ പ്രദേശത്തിന്റെ മറുഭാഗത്ത് മുള്ളിരിങ്ങാട്ടും സമീപ പ്രദേശമായ കാഞ്ഞിരവേലിയിലും ഇന്നലെ ഉരുള്‍പൊട്ടിയിട്ടുണ്ട്.

ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് സമീപ പ്രദേശങ്ങളിലെ പുഴകളിലും ബന്ധപ്പെട്ടുള്ള തോടുകളിലുമെല്ലാം രത്രിയില് ജല നിരപ്പ് ക്രമാതീതമായി ഉയര്‍ന്നിരുന്നു. മഴ കനത്താല്‍ മലയുടെ അവശേഷിക്കുന്ന ഭാഗവും താഴേയ്ക്ക് പതിക്കാനിടയുണ്ടെന്നും ഇതുമൂലം പ്രദേശം ദുരന്തഭീഷിണിയിലാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.
