മലാപ്പറമ്പ് ഉള്‍പ്പെടെ കോടതി അടച്ചുപൂട്ടാന്‍ ഉത്തരവിട്ട നാല് എയ്ഡഡ് സ്കൂളും സര്‍ക്കാര്‍ ഏറ്റെടുക്കും

തിരുവനന്തപുരം > കോഴിക്കോട് ജില്ലയിലെ മലാപ്പറമ്പ് ഉള്‍പ്പെടെ കോടതി അടച്ചുപൂട്ടാന്‍ ഉത്തരവിട്ട നാല് എയ്ഡഡ് സ്കൂളും സര്‍ക്കാര്‍ ഏറ്റെടുക്കും. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് സുപ്രധാനമായ തീരുമാനമെടുത്തത്. സ്കൂളുകള്‍ ഏറ്റെടുക്കുന്നതിനുള്ള നിയമപരവും സാങ്കേതികവുമായ നടപടിക്രമം ആരംഭിച്ചതായി വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. പൂട്ടിയ സ്കൂളുകളിലെ കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാന്‍ നടപടി സ്വീകരിച്ചുകഴിഞ്ഞതായും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ മലാപ്പറമ്പ്, പാലാട്ട്, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മങ്ങാട്ടുമുറി, തൃശൂര്‍ ജില്ലയിലെ കിരാലൂര്‍ എന്നീ സ്കൂളുകളാണ് ഏറ്റെടുക്കുക. കിരാലൂര്‍ സ്കൂള്‍ ഈ അധ്യയനവര്‍ഷത്തില്‍ തുറന്നില്ല. ഇവിടെ തെരുവില്‍ പ്രവേശനോത്സവം നടത്തിയത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ബുധനാഴ്ചയും കുട്ടികള്‍ തെരുവിലിരുന്നു പഠിച്ചു.

മങ്ങാട്ടുമുറി സ്കൂള്‍ ചൊവ്വാഴ്ച രാവിലെ പൂട്ടിയിരുന്നു. പൂട്ടാതിരിക്കാനുള്ള എല്ലാ പരിശ്രമവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായെങ്കിലും സ്കൂള്‍ പൂട്ടാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഏറ്റെടുക്കാനുള്ള നടപടിക്രമം പൂര്‍ത്തിയാവുന്നതുവരെ മലാപ്പറമ്പ് സ്കൂള്‍ കോഴിക്കോട് കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കും. കലക്ടറേറ്റിലെ എന്‍ജിനിയേഴ്സ് കോണ്‍ഫറന്‍സ് ഹാളിലാണ് വ്യാഴാഴ്ച മുതല്‍ സ്കൂള്‍ പ്രവര്‍ത്തിക്കുക. സ്കൂള്‍ പൂട്ടി കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയശേഷം ഏറ്റെടുക്കാനുള്ള നടപടിയുമായി മുന്നോട്ടുപോകും. ഇതിന് സഹായകരമായ നിയമോപദേശവും ലഭിച്ചിട്ടുണ്ട്. പാലാട്ട് സ്കൂള്‍ ബുധനാഴ്ച പ്രവര്‍ത്തിച്ചു.

വിദ്യാലയങ്ങള്‍ ഏറ്റെടുക്കുന്നത് കടുത്ത സാമ്പത്തികബാധ്യത ഉണ്ടാക്കുന്നതാണെങ്കിലും പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുകയെന്ന നയം നടപ്പാക്കുന്നതിന് ഏതറ്റംവരെയും പോകാം എന്നാണ് സര്‍ക്കാര്‍ തീരുമാനം. സ്കൂളുകള്‍ ഏറ്റെടുക്കുന്നതിന് നിയമതടസ്സമില്ലെന്ന് നിയമ സെക്രട്ടറി വിദ്യാഭ്യാസവകുപ്പിന് നിയമോപദേശം നല്‍കിയിട്ടുണ്ട്. സ്കൂള്‍ ഏറ്റെടുക്കുന്നതിന് മന്ത്രിസഭ പ്രമേയം പാസാക്കിയാല്‍ മതി. പിന്നീട് എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ഏറ്റെടുക്കാം. നിയമസഭയുടെ അംഗീകാരവും തേടണം. നല്‍കേണ്ട നഷ്ടപരിഹാരം സംബന്ധിച്ച് പിന്നീട് ചര്‍ച്ചചെയ്ത് തീരുമാനമെടുക്കും.

സ്കൂളുകള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യം മുന്‍നിര്‍ത്തി വിദ്യാലയങ്ങള്‍ പൂട്ടാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇനിയൊരു പൊതുവിദ്യാലയംകൂടി അടച്ചുപൂട്ടാതിരിക്കാനാവശ്യമായ നിയമനിര്‍മാണം നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ഇതിന് കേരള വിദ്യാഭ്യാസ ചട്ടങ്ങളുടെ പരിഷ്കരണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
മലാപ്പറമ്പ് എയുപി സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍, സ്കൂള്‍ പൂട്ടണമെന്ന ഉത്തരവ് നടപ്പാക്കിയശേഷം ഏറ്റെടുക്കല്‍നടപടികളുമായി സര്‍ക്കാരിനു മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
