മലവെള്ളപ്പാച്ചിലില്‍ കാണാതായ ആറ് യുവാക്കളില്‍ അഞ്ചുപേരുടെ മൃതദേഹം കണ്ടെത്തി

കുറ്റ്യാടി(കോഴിക്കോട്) : മരുതോങ്കര പഞ്ചായത്തിലെ പശുക്കടവിനടുത്ത് പിറുക്കന്‍തോട് കടന്തറപ്പുഴയില്‍ ഞായറാഴ്ച വൈകിട്ടുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ ആറ് യുവാക്കളില്‍ അഞ്ചുപേരുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച നടത്തിയ തെരച്ചിലിലാണ് അഞ്ചാമത്തെ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഒരാളുടെ മൃതദേഹം ഞായറാഴ്ച രാത്രിയും മറ്റു മൂന്നുപേരുടേത് തിങ്കളാഴ്ച പകലുമാണ് കിട്ടിയത്. കാണാതായ ഒരാള്‍ക്കായി ഊര്‍ജിത തെരച്ചില്‍ തുടരുന്നു.
കൊടിക്കുന്നുമ്മല്‍ ദേവദാസിന്റെ മകന് വിപിന്‍ദാസിന്റെ (മുത്ത്–21) മൃതദേഹമാണ് ഇന്ന് കണ്ടുകിട്ടിയത്. മരുതോങ്കര കോതോട് സ്വദേശികളായ കക്കുഴിയുള്ളകുന്നുമ്മല്‍ ശശിയുടെ മകന് സജിന്‍ (കുട്ടു– 19), പാറയുള്ളപറമ്പത്ത് രാജീവന്റെ മകന് അക്ഷയ് (കുട്ടന്–19), കറ്റോടി ചന്ദ്രന്റെ മകന് അശ്വന്ത് (മോനൂട്ടന്– 19) എന്നിവരുടെ മൃതദേഹങ്ങളാണ് തിങ്കളാഴ്ച കണ്ടെത്തിയത്. പാറക്കല്‍ രാമകൃഷ്ണന്റെ മകന് രജീഷി (ചിണ്ടന്–24) ന്റെ മൃതദേഹം ഞായറാഴ്ച കിട്ടിയിരുന്നു. പാറയുള്ളപറമ്പത്ത് രാജന്റെ മകന് വിഷ്ണു (കുഞ്ചു–20)വിനുവേണ്ടിയുള്ള തെരച്ചില്‍ നടക്കുന്നു.

ഞായറാഴ്ച വൈകിട്ട് നാലരയോടെ പിറുക്കന്‍തോട് പൂഴിത്തോട് ജലവൈദ്യുതി പദ്ധതിയുടെ ചെക്ക്ഡാമിന് സമീപം കടന്തറപ്പുഴയില്‍ കുളിച്ചുകൊണ്ടിരിക്കെയാണ് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടത്. ഒഴുക്കില്‍പ്പെട്ട ഒമ്പതുപേരില്‍ വിഷ്ണുവിന്റെ സഹോദരന് ജിഷ്ണു (22), കുട്ടിക്കുന്നുമ്മല്‍ വിനോദിന്റെ മകന് വിനീഷ്(26), അമല്‍ (19) എന്നിവര്‍ രക്ഷപ്പെട്ടു.

വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിന് സമീപം ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് വനത്തില്‍ ഉരുള്‍പൊട്ടിയാണ് കടന്തറപ്പുഴയില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായതെന്നാണ് വിലയിരുത്തല്‍. മേഘസ്ഫോടനം നടന്നതാകാമെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ചെക്ക്ഡാമിന് മുകളിലൂടെ ഒരാളിലധികം പൊക്കത്തിലാണ് മലവെള്ളം കുതിച്ചെത്തിയത്. ഞായറാഴ്ച രാത്രി 11 ഓടെ മാവട്ടത്തുനിന്നാണ് രജീഷിന്റെ മൃതദേഹം കിട്ടിയത്. രാത്രിയും ഇടതടവില്ലാതെ തുടര്‍ന്ന തെരച്ചിലിനിടെ തിങ്കളാഴ്ച പുലര്‍ച്ചെ 5.30 ഓടെ സജിന്‍ ശശിയുടെ മൃതദേഹം ലഭിച്ചു. അപകടം നടന്നതിന് 500 മീറ്റര്‍ താഴെയായിരുന്നു മൃതദേഹം. ഒരു കിലോമീറ്ററോളം താഴെ സെന്റര്മുക്കില്നിന്ന് രാവിലെ 10.30 ഓടെ അക്ഷയിന്റെ മൃതദേഹവും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി . വൈകിട്ട് നാലോടെ രണ്ടര കിലോമീറ്റര്‍ താഴെ പന്നിക്കോട്ടൂര്‍ കോളനിക്ക് സമീപത്തുനിന്നാണ് അശ്വന്തിന്റെ മൃതദേഹം മുങ്ങിയെടുത്തത്.

തൃശൂരില്‍നിന്നെത്തിയ ദേശീയ ദുരന്തനിവാരണ സേന, നാദാപുരം, പേരാമ്പ്ര, വടകര, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്നുള്ള അഗ്നി–രക്ഷാ സേനാ യൂണിറ്റുകള്‍, പൊലീസ്, പ്രാദേശിക വളന്റിയര്‍മാര്‍ എന്നിവരാണ് തെരച്ചില്‍ നടത്തുന്നത്. റവന്യു, കെഎസ്ഇബി, ഫോറസ്റ്റ്, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായവും ഉണ്ട്.
