മലയാള ഭാഷ നിര്‍ബന്ധമാക്കുമ്പോള്‍ കന്നട ഭാഷാ ന്യൂനപക്ഷങ്ങളെ ഒഴിവാക്കണമെന്ന് ബിജെപി

കാസര്‍കോട്: സ്‌കൂളുകളില്‍ മലയാള ഭാഷ നിര്‍ബന്ധമാക്കുമ്പോള്‍ കന്നട ഭാഷാ ന്യൂനപക്ഷങ്ങളെ ഒഴിവാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ബിജെപി മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലം നേതൃയോഗങ്ങളാണ് സര്‍ക്കാറിനെടാവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിന്‍സില്‍ ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണ ഘടന ഉറപ്പ് നല്‍കിയ അവകാശങ്ങള്‍ സംരക്ഷിച്ചിട്ടില്ലെന്ന് യോഗം കുറ്റപ്പെടുത്തി.
ഭാഷാ നൂനപക്ഷങ്ങള്‍ക്ക് അവരുടെ ഭാഷയില്‍ വിദ്യാഭ്യാസം ചെയ്യുവാനുള്ള അവകാശം ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ട്. പക്ഷെ ഇടത് സര്‍ക്കാര്‍ പാസ്സാക്കിയ ഓര്‍ഡിനന്‍സ് ഈ അവകാശം കവര്‍ന്നെടുക്കുന്നു. മലയാള ഭാഷ നിര്‍ബന്ധമാക്കുന്നതില്‍ ബിജെപി എതിരല്ല.

പക്ഷെ ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ ഭാഷയില്‍ പഠിക്കാനുള്ള അവകാശം നിഷേധിക്കരുത്. ഭാഷാ ന്യൂനപക്ഷങ്ങളുടെമേല്‍ മലയാള ഭാഷ അടിച്ചേല്‍പ്പിക്കരുത്. ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഓര്‍ഡിനന്‍സില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താന്‍ പിണറായി സര്‍ക്കാര്‍ തയ്യറാകണം.

അല്ലെങ്കില്‍ ജനാധിപത്യ രീതിയിലുള്ള ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി മുന്നറിയിപ്പ് നല്‍കി. ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം എം. സജ്ജീവഷെട്ടി, സംസ്ഥാന സമിതി അംഗങ്ങളായ രവീശ തന്ത്രി കുണ്ടാര്‍, സുരേഷ്‌കുമാര്‍ ഷെട്ടി, അഡ്വ. ബാലകൃഷ്ണഷെട്ടി, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ അഡ്വ. സദാനന്ദറൈ, സവിത ടീച്ചര്‍, സത്യശങ്കര ഭട്ട്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ എസ്.കുമര്‍, ശിവകൃഷ്ണ ഭട്ട് തുടങ്ങിയവര്‍ സംസാരിച്ചു. കാസര്‍കോട് മണ്ഡലം അദ്ധ്യക്ഷന്‍ സുധാമ ഗോസാഡ സ്വാഗതവും, മഞ്ചേശ്വരം മണ്ഡലം അദ്ധ്യക്ഷന്‍ സതീഷ് ചന്ദ്ര ഭണ്ഡാരി നന്ദിയും പറഞ്ഞു.

