മലയാളത്തിലെ പ്രശസ്ത പിന്നണി ഗായികയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

കൊല്ലം : മലയാളത്തിലെ പ്രശസ്ത പിന്നണി ഗായികയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ശനിയാഴ്ച രാത്രി 11.30ഓടെ കൊല്ലം ഉമയനല്ലൂരില്‍ ദേശീയപാതയില്‍ വെച്ചാണ് ഗായികയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. ഗായികയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാഫുദ്ദീനെ(42)യാണ് കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു. ഗാനമേള കഴിഞ്ഞ് മടങ്ങുന്നതിനിടെ ഗായികയും ട്രൂപ്പിലെ മറ്റു അംഗങ്ങളും ഉമയനല്ലൂരില്‍ ചായ കുടിക്കാനിറങ്ങിയിരുന്നു. ഈ സമയമാണ് മനാഫുദ്ദീന് ഗായികയെ കടന്നുപിടിക്കാനും തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചത്.
ഗായിക ബഹളംവെച്ചതോടെ ഓടിക്കൂടിയ നാട്ടുകാരും ട്രൂപ്പംഗങ്ങളും ചേര്‍ന്ന് യുവാവിനെ പിടികൂടുകയായിരുന്നു. ഷാഡോ പോലീസെന്ന് സ്വയം പരിചയപ്പെടുത്തി എത്തിയ യുവാവ് ഗായികയും സംഘവും കാറിലിരുന്ന് മദ്യപിക്കുന്നത് സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് കാറിന്റെ താക്കോല്‍ ബലമായി ഊരിയെടുക്കുകയായിരുന്നു.

യുവാവ് കടന്നുപിടിച്ചതോടെ ഗായിക ഉറക്കെ നിലവിളിക്കുകയും ബഹളം വെയ്ക്കുകയും ചെയ്തു. ഇതോടെയാണ് സമീപത്തുണ്ടായിരുന്നവര്‍ സംഭവമറിയുന്നത്. തുടര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. സംഭവമറിഞ്ഞ് കൊട്ടിയം എസ്ഐ ആര് രതീഷ്, ജൂനിയര്‍ എസ്ഐ സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.

