മലമ്പുഴ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു
പാലക്കാട്: കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാലും വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനാലും മലമ്പുഴ ഡാമിന്‍റെ നാല് ഷട്ടറുകളും തുറന്നു. ഒരടി വീതമാണ് ഷട്ടറുകള്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നത്. ഇതേതുടര്‍ന്ന് കല്‍പ്പാത്തി, ഭാരതപ്പുഴ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ശ്രീലങ്കയ്ക്ക് സമീപം വെള്ളിയാഴ്ച രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് മലന്പുഴയിലെ ജലനിരപ്പ് താഴ്ത്താന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മലന്പുഴ ഡാമിലെ വെള്ളം നിയന്ത്രണ വിധേയമാക്കുന്നതിനാണ് നാല് ഷട്ടറുകളും ഉയര്‍ത്തിയത്.




