മലബാർ സുകുമാരൻ ഭാഗവതരുടെ 21-ാം ചരമ ദിനം ആചരിച്ചു

കൊയിലാണ്ടി: പ്രശസ്ത സംഗീതജ്ഞനും പൂക്കാട് കലാലയം സ്ഥാപക ഗുരുനാഥനുമായ മലബാർ സുകുമാരൻ ഭാഗവതരുടെ 21-ാം ചരമ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കാലത്ത് സ്മൃതി മണ്ഡപത്തിൽ ശിവദാസ് ചേമഞ്ചേരി ദീപ പ്രകാശനം നടത്തി. കലാലയം പ്രവർത്തകരും, ശിഷ്യരും പുഷ്പാർച്ചന നടത്തി. തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാരുടെ നേതൃത്വത്തിൽ
കേളികൊട്ട് നടന്നകാലത്ത് അശോകം ഹാളിൽ കലാലയം അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സമൂഹ കീർത്തനാലാപനം നടത്തി.

വൈകീട്ട് അനുസ്മരണ സമ്മേളനം കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. ഭാഗവതർ സ്മാരക പുരസ്കാരം പ്രശസ്ത കുച്ചുപ്പുഡി നർത്തകി ഗുരു പി രമാദേവിയ്ക്ക് സമർപ്പിച്ചു. ഡോ. ഭരതാഞ്ജലി മധുസൂദനൻ പുരസ്ക്കാര ജേതാവിനെ പരിചയപ്പെടുത്തി. കലാലയം പ്രസിഡണ്ട് യു.കെ.രാഘവൻ അധ്യക്ഷത വഹിച്ചു. അച്യുതൻ ചേമഞ്ചേരി അനുസ്മരണ ഭാഷണം നടത്തി. പ്രിൻസിപ്പാൾ ശിവദാസ് ചേമഞ്ചേരി പുരസ്ക്കാര ജേതാവിനെ പൊന്നാടയണിയിച്ചു. എം.വി.എസ്. പൂക്കാട് പ്രശസ്തിപത്രം സമർപ്പിച്ചു. \


സെക്രട്ടറി സി.ശ്യാംസുന്ദർ ക്യാഷ് അവാർഡ് നൽകി. പി.ടി.എ. പ്രസിഡണ്ട് കെ.സുധീഷ്, കെ.ടി ശ്രീനിവാസൻ , സുനിൽ തിരുവങ്ങൂർ എന്നിവർ സംസാരിച്ചു. തുടർന്ന് കലാലയം വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും പ്രാദേശിക കലാകാരന്മാരും ചേർന്ന് ഗാനസന്ധ്യ – സംഗീത പരിപാടി അവതരിപ്പിച്ചു.


