മലബാര്‍ അന്താരാഷ്ട്ര പട്ടം പറത്തല്‍ മേള ഇന്ന് തുടങ്ങും

കാസര്‍ഗോഡ്: ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് കാസര്‍കോട് ജില്ലാ ഭരണകൂടത്തിന്റെയും ബിആര്‍ഡിസിയുടെയും സഹകരണത്തോടെ പള്ളിക്കര ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന മലബാര്‍ അന്താരാഷ്ട്ര പട്ടം പറത്തല്‍ മേള ഇന്ന് തുടങ്ങും.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ പട്ടം പറത്തലിനു പുറമേ ശിങ്കാരി മേളം, കഥകളി, മാര്‍ഗ്ഗം കളി, ഒപ്പന, തിരുവാതിര, കോല്‍ക്കളി, ദഫ്മുട്ട്, മാജിക് ഷോ, ഗാനമേള, സിനിമാറ്റിക് ഡാന്‍സ്, ബീച്ച് റൈസിംഗ് എന്നിവയും നടക്കും. വൈകീട്ട് മൂന്ന് മണിക്ക് ആരംഭിക്കുന്ന പരിപാടി രാത്രി 9 മണിക്ക് സമാപിക്കും.

വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ജില്ലാ കലക്ടര്‍ ജീവന്‍ ബാബു ഐ എ എസ് മേള ഉദ്ഘാടനം ചെയ്യും. രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നുമുള്ള നിരവധി ടീമുകളാണ് ഈ വര്‍ഷത്തെ മേളയില്‍ പട്ടം പറത്താന്‍ എത്തുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പട്ടം പറത്തല്‍ മേള ബേക്കലിന്റെ വാനില്‍ വിസ്മയം തീര്‍ക്കും.

ലോകത്തിലെ ഏറ്റവും വലിയ പട്ടമായ കഥകളി പട്ടം മുതല്‍ സര്‍ക്കിള്‍ കൈറ്റ്, മഹാബലി കൈറ്റ്, ചെയിന്‍ കൈറ്റ്, ബട്ടര്‍ഫ്ലൈ കൈറ്റ്, ഗജവീരന്‍ പട്ടം, മാരിവില്‍ പട്ടം, ഇല്യൂമിനേറ്റട് കൈറ്റ്, എല്‍ ഇ ഡി കൈറ്റ്, റോയല്‍ ഡ്രാഗണ്‍ കൈറ്റ്, പൈലറ്റ് കൈറ്റ്, ഒരൊറ്റ ചരടില്‍ ഇരുനൂറ് പട്ടങ്ങളുള്ള ട്രെയിന്‍ കൈറ്റ്, കുട്ടികള്‍ക്ക് ആനന്ദം പകരുന്ന നിരവധി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ എന്നിങ്ങനെ നിരവധി പട്ടങ്ങള്‍ ബേക്കലിന്റെ വാനില്‍ പാറിപറക്കും.

കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും പട്ടം പറത്തല്‍ മത്സരവും സംഘടിപ്പിക്കും. സന്ദര്‍ശകര്‍ക്കായി ഫോട്ടോഗ്രാഫി മത്സരവും നടക്കും. 6ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണിവരെ പ്രശസ്ത കാറോട്ട വിദഗ്ധനും ദേശീയ അന്തര്‍ദേശീയ കാറോട്ട മത്സരങ്ങളിലെ ചാമ്പ്യനുമായ മൂസാ ഷരീഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന ബീച്ച് റൈസിംഗ് മത്സരം കേരളാ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.
സുരക്ഷിതമായ ഡ്രൈവിംഗ് അവബോധം ജനങ്ങളിലേക്ക് എത്തിക്കുന്ന എന്ന ഉദ്ദേശത്തോടെയാണ് ബീച്ച് റൈസിംഗ് മേളയില്‍ ഉള്‍പ്പെടുത്തിയത്. 15 വിഭാഗങ്ങളിലായി മലബാറിലെ ഏറ്റവും വലിയ ബീച്ച് റൈസിംഗ് മത്സരമാണ് ബേക്കലില്‍ നടക്കുന്നത്. ഇന്ത്യന്‍ മോട്ടോര്‍ സ്പോര്‍ട്സ് കൌണ്‍സിലും ഇന്ത്യാ സ്പോര്‍ട്ടും കെ എല്‍ 14 മോട്ടോര്‍ ക്ലബ്ബുമാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്.
മൂന്ന് ദിവസങ്ങളിലും വൈകീട്ട് മൂന്ന് മണിക്ക് പട്ടം പറത്തല്‍ ആരംഭിക്കും. രാത്രിയില്‍ സംഗീത കലാ വിരുന്നും നൃത്തനൃത്തങ്ങളും നടക്കും. 7ന് ഞായറാഴ്ച രാത്രി 9മണിക്ക് പരിപാടി സമാപിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും.
ജില്ലാ കലക്ടര്‍ ജീവന്‍ ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവസാനവട്ട അവലോകന യോഗത്തില്‍ അബ്ദുന്നാസര്‍ പി.എം, കാറോട്ട വിദഗ്ധന്‍ മൂസാ ഷരീഫ്, അഷറഫ് കൊളവയല്‍, അന്‍വര്‍ ഹസ്സന്‍, ഷുക്കൂര്‍ ബെസ്റ്റോ, ഹാറൂണ്‍ ചിത്താരി എന്നിവര്‍ സംബന്ധിച്ചു.
