മറ്റക്കര ടോംസ് എഞ്ചിനിയറിങ് കോളേജുമായി തനിക്കു യാതൊരു ബന്ധവുമില്ല: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: വിദ്യാര്‍ത്ഥി പീഡനം ആരോപിക്കപ്പെട്ട മറ്റക്കര ടോംസ് എഞ്ചിനിയറിങ് കോളേജുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. തന്റെ മണ്ഡലത്തിലുള്ള കോളേജ് എന്ന നിലയില്‍ അവിടുത്തെ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലവുമായി തനിക്കുള്ള ബന്ധം എല്ലാവര്‍ക്കും അറിയാം. ചെറിയ പരിപാടികളില്‍പോലും താന്‍ പങ്കെടുക്കാറുണ്ട്.
കഴിഞ്ഞദിവസം കോളേജ് സന്ദര്‍ശിച്ച മറുനാടന്‍ ലേഖകനോട് ഹോസ്റ്റലില്‍ കോളജ് ചെയര്‍മാന്റെ നേതൃത്വത്തില്‍ നടക്കുന്ന ക്രൂരമായ പീഡനങ്ങള്‍ വിദ്യാര്‍ത്ഥിനികള്‍ തുറന്നുപറഞ്ഞിരുന്നു. രാത്രിയായാല്‍ ചെയര്‍മാന്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കയറിവരുന്നത് പതിവാണെന്നതടക്കമുള്ള ആരോപണങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചത്.

മറ്റക്കര ടോംസ് കോളേജിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ സ്ഥാപനവുമായി ഉമ്മന്‍ ചാണ്ടിക്ക് ബന്ധമുണ്ടെന്ന ആരോപണം എസ്‌എഫ്‌ഐ ഉന്നയിച്ചിരുന്നു. ഇതേക്കുറിച്ചാണ് അദ്ദേഹം പ്രതികരിച്ചത്. തനിക്കെതിരെ ഉന്നയിച്ച ആരോപണം തെളിയിച്ചാല്‍ എന്ത് ശിക്ഷയും ഏറ്റുവാങ്ങാമെന്നും അദ്ദേഹം പറഞ്ഞു.

കോളജിലെ വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉമ്മന്‍ ചാണ്ടി താത്പര്യം കാണിക്കാത്തിനു കാരണം അദ്ദേഹത്തിന് കോളജില്‍ ഓഹരി ഉള്ളതുകൊണ്ടാണെന്നു രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു. കോളജിനെതിരായ അന്വേഷണം ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അട്ടിറിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായി. കോളജ് ഡയറക്ടര്‍ ടോംസ് ജോസഫ് വിദ്യാര്‍ത്ഥി പീഡനവും സാമ്ബത്തിക തട്ടിപ്പും നടത്തിയതായി സിബിസിഐഡി കണ്ടെത്തിയ കേസാണ് അട്ടിമറിക്കപ്പെട്ടത്.

വിദ്യാര്‍ത്ഥികളെ മാനസികവും ശാരീരികവുമായി നിരന്തരം പീഡിപ്പിച്ചെന്ന പരാതിയില്‍ ടോംസ് ജോസഫിനെതിരെ വനിതാ കമ്മീഷനും അന്വേഷണം നടത്തിയിരുന്നു. വനിതാ കമ്മീഷന്‍ അന്വേഷണത്തിലും സിബിസിഐഡിയുടേതിന് സമാന കണ്ടെത്തലുകളാണുള്ളത്. 2011ല്‍ അന്വേഷണം പൂര്‍ത്തിയായിട്ടും സ്ഥാപനം ഉടമയെ അറസ്റ്റ് ചെയ്തില്ല. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് ടോംസിനെതിരായ നടപടികള്‍ നിലച്ചത്.
അതിനിടെ, കോളേജിന് എതിരായ ആരോപണങ്ങളില്‍ സാങ്കേതിക സര്‍വകലാശാല അധികൃതര്‍ കോളേജിലെത്തി തെളിവെടുപ്പ് നടത്തി. തെളിവുകള്‍ നല്‍കാന്‍ തയ്യാറായ വിദ്യാര്‍ത്ഥിനികളെ ബന്ദികളാക്കി തെളിവെടുപ്പിനെത്തുന്നത് തടയാന്‍ കോളേജ് അധികൃതരുടെ ശ്രമിച്ചു. സമയോചിതമായി ഇടപെട്ട് രംഗത്തെത്തിയ എസ്‌എഫ് എ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥിനികളെ മോചിപ്പിച്ച് തെളിവെടുപ്പിന് ഹാജരാക്കി.
