മയക്ക് മരുന്ന് നല്‍കി യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസ്: രണ്ട് പ്രതികള്‍ കൂടി പിടിയില്‍
കോഴിക്കോട്: ചേവായൂരില്‍ മയക്കു മരുന്ന് നല്‍കി യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ രണ്ട് പേരെ കൂടി ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. അത്തോളി സ്വദേശികളായ നിജാസ്, ഷുഹൈബ് എന്നിവരാണ് പിടിയിലായത്.

പിടിയിലായ രണ്ട് പ്രതികളെ ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ച് തെളിവെടുക്കും. മയക്കുമരുന്ന് നല്‍കിയ ശേഷം യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. അബോധവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ മെഡിക്കല്‍ പരിശോധനയില്‍ ക്രൂരമായ പീഡനം നടന്നതായി വ്യക്തമായി.


ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിയായ യുവതിയെ പ്രണയം നടിച്ച് കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു.യുവതിക്ക് മദ്യവും ലഹരി മരുന്നും നല്‍കിയാണ് പീഡിപ്പിച്ചത്. കൂടാതെ യുവതിയുടെ ചിത്രങ്ങളും പ്രതികള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത് പ്രതികള്‍ സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. യുവതിയെ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷം പ്രതികള്‍ കടന്ന് കളയുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് വിവരം അറിയുന്നത്.

