മയക്കുമരുന്ന് മാഫിയ തലവന്‍ മൂര്‍ഖന്‍ ഷാജിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

തിരുവനന്തപുരം> അന്താരാഷ്ട്ര ബന്ധമുള്ള മയക്കുമരുന്ന് മാഫിയ തലവന്‍ മൂര്‍ഖന്‍ ഷാജിയുടെ കോടികള്‍ വിലമതിക്കുന്ന ഭൂമിയും കെട്ടിടവും അടക്കമുള്ള സ്വത്തുക്കള്‍ എക്സൈസ് വകുപ്പ് കണ്ടുകെട്ടി. ഇടുക്കി അടിമാലിയിലെ രണ്ട് കെട്ടിടം, അവ സ്ഥിതിചെയ്യുന്ന ഭൂമിയും വ്യത്യസ്ത സര്‍വേ നമ്ബരിലുള്ള നാല് വസ്തുവുമാണ് തിരുവനന്തപുരം അസി. എക്സൈസ് കമീഷണര്‍ എ ആര് സുള്‍ഫിക്കര്‍ എന്‍ഡിപിഎസ് നിയമപ്രകാരം കണ്ടുകെട്ടിയത്. മൂര്‍ഖന്‍ ഷാജിയുടെയും ഭാര്യ, മക്കള്‍ എന്നിവരുടെയും പേരിലുള്ളതാണ് ഈ സ്വത്ത്.
അടിമാലിയില്‍ തന്നെ ഷാജിയുടെ ബിനാമിയായി 57 ലക്ഷം രൂപ വിലമതിക്കുന്ന മറ്റൊരു വസ്തുവിന്റെ വിവരം എക്സൈസിന് ലഭിച്ചെങ്കിലും ഏറ്റെടുക്കല്‍ നടപടി സ്വീകരിക്കുന്നതിനിടെ അവ കൈമാറി. ഒരു സ്ത്രീയുടെ പേരിലുള്ളതായിരുന്നു ഈ വസ്തു. തിരുവനന്തപുരത്തെ രണ്ട് ഹാഷിഷ് കേസില്‍ റിമാന്‍ഡിലാണ് മൂര്‍ഖന്‍ ഷാജി. മയക്കുമരുന്ന് കേസില്‍ പിടിയിലാകുന്ന പ്രതികള്‍ അറസ്റ്റിലാകുന്നതിന് ആറു വര്‍ഷം മുമ്ബുവരെ വാങ്ങിയ സ്വത്ത് എന്‍ഡിപിഎസ് ആക്ടുപ്രകാരം കണ്ടുകെട്ടാം. ഈ വകുപ്പ് അപൂര്‍വമായേ നടപ്പാക്കാറുള്ളൂ. എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ്ങിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. റവന്യൂ വകുപ്പ്, രജിസ്ട്രേഷന് വകുപ്പ് എന്നിവയില്‍നിന്ന് രേഖകളുടെ കോപ്പിയടക്കം വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് ഏറ്റെടുത്ത് ഉത്തരവിറക്കി.

ഈ ഉത്തരവിന്റെ കോപ്പി ജയിലില്‍ കഴിയുന്ന ഷാജിക്കും എന്‍ഡിപിഎസ് ആക്ടുപ്രകാരം ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന കോമ്ബിറ്റന്റ് അതോറിറ്റിക്കും കൈമാറി. അടുത്ത 15ന് കോമ്ബിറ്റന്റ് അതോറിറ്റി മൂര്‍ഖന്‍ ഷാജിക്ക് ഹിയറിങ്ങിന് സമയം അനുവദിച്ചു. ഇയാളുടെ ബാങ്ക് അക്കൗണ്ട് കണ്ടുകെട്ടാനുള്ള നടപടിയും ആരംഭിച്ചു.അടിമാലി സ്വദേശിയായ മൂര്‍ഖന്‍ ഷാജിയുടെ മുഖ്യ കച്ചവടം ഹാഷിഷാണ്. വിവിധ സംസ്ഥാനങ്ങളിലേക്കും മാലി ഉള്‍പ്പെടെ വിദേശങ്ങളിലേക്കും ഇവ കടത്തുന്ന സംഘത്തിലെ മുഖ്യനാണ് ഇയാള്‍. തിരുവനന്തപുരത്ത് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി അനികുമാറിന്റെ നേതൃത്വത്തില്‍ പിടിച്ച രണ്ട് ഹാഷിഷ് കേസില്‍ പ്രധാന പ്രതിയും ഷാജിയാണ്. 2003ല്‍ അടിമാലി പൊലീസ് എടുത്ത കേസില്‍ ഇയാള്‍ നാലുവര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. ഈ കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ് ഇയാള്‍.

അടിമാലിയിലെ സ്ത്രീയുടെ പേരില്‍ വാങ്ങിയ 57 ലക്ഷം രൂപയുടെ സ്വത്ത് വിറ്റെങ്കിലും ഷാജിയുടെ പണം ഉപയോഗിച്ചാണ് അവ വാങ്ങിയത് എന്നതിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഒളിവിലായിരിക്കുമ്ബോള്‍ ഷാജി സ്ത്രീക്ക് എഴുതിയ കത്താണ് എക്സൈസിന് ലഭിച്ചത്. ഈ സ്വത്ത് വിറ്റ പണംകൊണ്ട് വേറെ സ്വത്ത് വാങ്ങിയാല്‍ അവയും കണ്ടുകെട്ടാന്‍ എക്സൈസ് നടപടി സ്വീകരിക്കും.

മൂര്‍ഖന്‍ ഷാജിയെ പൂട്ടാനുറച്ച് എക്സൈസ് വകുപ്പ്. രണ്ട് ഹാഷിഷ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഷാജിയും സംഘവും ജാമ്യത്തിലില്‍ ഇറങ്ങാതിരിക്കാന്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. സംഗീത കോളേജിന് സമീപത്തുനിന്ന് 1.8 കിലോ ഹാഷിഷ് പിടിച്ച കേസില്‍ കുറ്റപത്രം നല്‍കിയിരുന്നു. മണ്ണന്തലയില്‍നിന്ന് 13.5 ലക്ഷംരൂപ വിലവരുന്ന ഹാഷിഷ് പിടികൂടിയ കേസിലാണ് ഇനി കുറ്റപത്രം നല്‍കാനുള്ളത്. എന്‍ഡിപിഎസ് ആക്ടുപ്രകാരം 180 ദിവസത്തിനകം കുറ്റപത്രം നല്‍കണം. ഇല്ലെങ്കില്‍ പ്രതിക്ക് ജാമ്യം ലഭിക്കും.
