മയക്കുമരുന്നിനെതിരെ വ്യാപാരികളും തൊഴിലാളികളും ജനകീയ കൂട്ടായ്മ രൂപീകരിച്ചു

കോഴിക്കോട്: വലിയങ്ങാടിയില്‍ മയക്കുമരുന്നിനെതിരെ വ്യാപാരികളും തൊഴിലാളികളും ജനകീയ കൂട്ടായ്മ രൂപീകരിച്ചു. മയക്കുമരുന്ന് വില്‍പ്പന വ്യാപകമായതിനെ തുടര്‍ന്നാണ് കൂട്ടായ്മ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്.
കോഴിക്കോട് വലിയങ്ങാടിയിലും പരിസരങ്ങളിലും മയക്കുമരുന്ന് വില്‍പ്പന സജീവമാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി പേരാണ് ഇവിടെ നിന്ന് പിടിയിലായത്. വലിയങ്ങാടിയിലെ തൊഴിലാളികളാണ് ഈ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നത്.

മയക്കുമരുന്ന് കച്ചവടക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരിക, ഉപയോഗിക്കുന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തുക. ആദ്യപടിയായി വലിയങ്ങാടിയില്‍ മയക്കുമരുന്ന് വില്‍പ്പനക്കാര്‍ക്കെതിരെ മുന്നറിയിപ്പ് പോസ്റ്ററുകള്‍ പതിച്ചു കഴിഞ്ഞു.

വില്‍പ്പനക്കാരെ കണ്ടാല്‍ കൈയോടെ പിടികൂടി അധികൃതര്‍ക്ക് കൈമാറും. മയക്കുമരുന്ന് വിവരങ്ങള്‍ അറിയിക്കാനായി എക്സൈസ് വിഭാഗത്തിന്‍റെ ഫോണ്‍ നമ്പറുകള്‍ അങ്ങാടിയിലെ വിവിധ ഇടങ്ങളില്‍ എഴുതി പ്രദര്‍ശിപ്പിക്കാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.

