മധ്യവയസ്കനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊയിലാണ്ടി : മധ്യവയസ്കനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരുവെട്ടൂർ വെങ്ങളത്ത് കണ്ടി പുറത്തെ വളപ്പിൽ മോഹനൻ (49)നെയാണ് കഴിഞ്ഞ ദിവസം വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്.
തിങ്കളാഴ്ച കാലത്ത് സഹോദരന്റെ ഭാര്യ ഇയാളെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സാധാരണയായി ഇയാൾ റൂമിൽ കയറിയാൽ രണ്ട് ദിവസം കഴിഞ്ഞെ പുറത്തിറങ്ങാറുള്ളൂവെന്നാണ് വീട്ടുകാരുടെ പ്രതികരണം. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമെങ്കിലും കാണുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫോറൻസിക് വിദഗ്ദർ, വിരലടയാള വിദഗ്ദർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

കൊയിലാണ്ടി എസ്.ഐ.കെ.ബാബുരാജ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കൽ കോളെജിലേക്ക് മാറ്റി. ഭാര്യ: സജിത. മകൻ: ധീരവ് (ഒന്നര വയസ്സ്). ബാലന്റെയും പരേതയായ കുഞ്ഞമ്മ എന്ന ഭഗവതി അമ്മയുടെയും മകനാണ് മോഹനൻ. സഹോദരങ്ങൾ: ബാബു, ഗണേശൻ, ഗീത.

