മദർ തെരേസ ഇന്ന് ഉച്ചതിരിഞ്ഞ് 2.30ന് വിശുദ്ധ പദവിയിലേക്കുയർത്തപ്പെടും

വത്തിക്കാന്‍ സിറ്റി > അഗതികളുടെ അമ്മ മദർ തെരേസ ഇന്ന് വിശുദ്ധ പദവിയിലേക്കുയർത്തപ്പെടും. ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 2.30 ഓടെയാണ് വത്തിക്കാനിലെ ചടങ്ങുകൾ തുടങ്ങുന്നത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് ചടങ്ങുകൾ നടക്കുന്നത്. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ സഭയുടേയും കേന്ദ്രസർക്കാരിന്റേയും വിവിധ സംസ്ഥാന സർക്കാരുകളുടേയും പ്രതിനിധികൾ വത്തിക്കാനിലെത്തിയിട്ടുണ്ട്.
കുർബാന മധ്യേ ആയിരിക്കും വിശുദ്ധ പ്രഖ്യാപനം ഉണ്ടാകുക. വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുന്നതോടെ മദർ തെരേസ കൊൽക്കത്തയുടെ വിശുദ്ധ തെരേസ എന്നറിയപ്പെടും. വിശുദ്ധരുടെ ഗണത്തിൽ പേരു ചേർക്കുന്നതിനുള്ള അനുമതി തേടലാണ് ആദ്യം.
നാമകരണനടപടികളുടെ ചുമതലയുള്ള അമാതോയും പോസ്തുലത്തോറും പാപ്പയോടു പേരു ചേർക്കുന്നതിനു അനുമതി തേടും.
തുടർന്ന് മദർ തെരേസയുടെ ജീവചരിത്രത്തിന്റെ ലഘുവിവരണം നൽകും. വിശുദ്ധർക്കായുള്ള പ്രാര്‍ത്ഥനയും ചൊല്ലും. തുടർന്ന് വിശുദ്ധയാക്കിക്കൊണ്ടുള്ള സന്ദേശം പാപ്പ വായിക്കും. ലത്തീൻ ഭാഷയിൽ ആയിരിക്കും സന്ദേശം വായിക്കുന്നത്. ശേഷം പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആശീർവാദം. പ്രഖ്യാപനത്തിൻ കർദിനാൾ അമാതോയും പോസ്തുലത്തോറും മാര്‍പ്പാപ്പയോടു നന്ദി പറയും. വിശുദ്ധയാക്കിയതിന്റെ ഔദ്യോഗിക രേഖ പാപ്പ അംഗീകരിക്കുന്നതോടെ നടപടിക്രമങ്ങൾ പൂർത്തിയാകും.

