KOYILANDY DIARY.COM

The Perfect News Portal

മദ്യശാലക്കെതിരെ മുത്താമ്പിയിൽ നാളെ മനുഷ്യച്ചങ്ങല

കൊയിലാണ്ടി: മുത്താമ്പി വൈദ്യരങ്ങാടി പുളിക്കൂൽ കുന്നിൽ ബീവ്റേജ് ഔട്ട്ലറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ മദ്യ വിരുദ്ധ സമിതി പ്രക്ഷോഭം ശക്തമാക്കുന്നു. പയ്യോളിയിൽ പ്രവർത്തിച്ചിരുന്ന ബീവ്റേജ് ഔട്ട്ലറ്റ് ആണ് ഇവിടേക്ക്‌ മാറ്റി സ്ഥാപിക്കാൻ നീക്കം നടക്കുന്നത്.

ഷാപ്പിനെതിരെയുള്ള പ്രക്ഷോഭം 12 ദിവസം കടന്നു. സമരത്തിന്റെ ഭാഗമായി നൂറ് കണക്കിനാളുകൾ പങ്കെടുത്ത പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തിയിരുന്നു. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. വിദേശമദ്യ വിപണന കേന്ദ്രം തുടങ്ങാൻ ഉദ്ദേശിച്ച സ്ഥലം ഇരുപതാം വാർഡിലെ പുളിക്കൂൽ കുന്നിലാണ്. കേവലം 50 സെന്റിൽ കുറവ് മാത്രമാണ് കെട്ടിടവും സ്ഥലവും ഉള്ളത്. സമീപത്ത് നിരവധി കുടുംബങ്ങൾ താമസിക്കുന്ന സ്ഥലമാണിത്. കെട്ടിടത്തിനടുത്തായി ആംഗൻവാടി, സാംസ്കാരിക നിലയം, നാഗകോട്ട ക്ഷേത്രം എന്നിവയും ഉള്ളതാണ്.

സന്ധ്യ കഴിഞ്ഞാൽ തികച്ചും വിജനമായ പ്രദേശമാണ്. മദ്യ വിപണന കേന്ദ്രം വന്നു കഴിഞ്ഞാൽ നാടിന്റെ സമാധാനവും സ്വൈര്യ ജീവിതവും തകരുമെന്ന ആശങ്കയാണ് നാട്ടുകാർക്ക് . സമരം ശക്തിപെടുത്തുന്നതിന്റെ ഭാഗമായി28 ന് വെള്ളിയാഴ്ച വൈകീട്ട് മനുഷ്യച്ചങ്ങല തീർക്കും.

Advertisements

തടോളിതാഴ മുതൽ മുത്താമ്പിവരെയാണ് ചങ്ങല തീർക്കുകയെന്ന് ഭാരവാഹികൾ പറഞ്ഞു. സ്ത്രീകളടക്കമുള്ള നിരവധി പേർ സമരത്തിൽ പങ്കെടുക്കും. പത്രസമ്മേളനത്തിൽ പുതുക്കുടി നാരായണൻ, സി.ടി. രാഘവൻ, എൻ.എസ്. വിഷ്ണു ., സി.പി. കരുണൻ, തേഴിപുറത്ത് മീത്തൽ രമ, സലാം ഓടയ്കൽ,  കീഴേടത്ത് ബാബു തുടങ്ങിയവർ പങ്കെടുത്തു.

പൊതുജനങ്ങൾ ഒപ്പിട്ട നിവേദനം പേരാമ്പ്ര എക്സൈസ്, സി.ഐ, കോഴിക്കോട് എക്സൈസ് കമ്മിഷണർ, ബീവ് കോ കോഴിക്കോട് മാനേജർ, സ്ഥലം എം.എൽ.എ, നഗരസഭാ ചെയർമാൻ എന്നിവർക്കും നൽകിയിട്ടുണ്ട്. അതിനിടയിൽ മദ്യ വിപണന കേന്ദ്രം സ്ഥാപിക്കാനുള്ള എല്ലാ പ്രവർത്തികളും പൂർത്തിയായതായാണ് വിവരം. കഴിഞ്ഞ ദിവസം മദ്യം ഇറക്കാൻ ശ്രമം നടന്നിരുന്നെങ്കിലും മന്ത്രി ടി.പി. രാമകൃഷ്ണന്റെ ഇടപെടൽ കാരണം നിർത്തിവെക്കുകയായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.

Share news

Leave a Reply

Your email address will not be published. Required fields are marked *