മദ്യവില്പനശാലയ്‌ക്കെതിരേ നാട്ടുകാര്‍ മനുഷ്യച്ചങ്ങല തീര്‍ത്തു
കൊയിലാണ്ടി: മുത്താമ്പി പുളിക്കൂല്‍ക്കുന്നില്‍ മദ്യവില്പനശാല സ്ഥാപിക്കുന്നതിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി വെള്ളിയാഴ്ച നാട്ടുകാര്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. തടോളിതാഴ മുതല്‍ മുത്താമ്പിവരെ നീണ്ട മനുഷ്യച്ചങ്ങലയില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകള്‍ കണ്ണികളായി.
മുത്താമ്പിയില്‍ മദ്യ വില്പനശാല സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് ചങ്ങലയില്‍ കണ്ണികളായവര്‍ ദൃഢ പ്രതിജ്ഞയെടുത്തു. പയ്യോളിയില്‍ പ്രവര്‍ത്തിച്ചുവന്ന ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യ വില്പന കേന്ദ്രമാണ് നടേരി പുളിക്കൂല്‍ക്കുന്നിലേക്ക് മാറ്റി സ്ഥാപിക്കാന്‍ ശ്രമം നടത്തുന്നത്.

ഇതിനെതിരേ നാട്ടുകാര്‍ 13 ദിവസമായി രാപകല്‍ സമര രംഗത്താണ്. ബിവറേജസ് ഔട്ട്‌ലെറ്റ് പ്രതിരോധസമിതി ഭാരവാഹികളായ പുതുക്കുടി നാരായണന്‍, എന്‍.എസ്. വിഷ്ണു, എന്‍.എ. ഹാജി എന്നിവര്‍ സംസാരിച്ചു. സമരത്തിന്റെ പതിന്നാലാം ദിവസമായ ശനിയാഴ്ച രാവിലെ എട്ടു മണിമുതല്‍ വൈകീട്ട് ഏഴുവരെ 14 വനിതകള്‍ സമരപ്പന്തലില്‍ നിരാഹാരമിരിക്കും.

