മദ്യപിച്ച് കാര്‍ ഓടിച്ച് അപകടം വരുത്തിയ സംഭവം: മൂന്നു പേര് അറസ്റ്റില്‍

വടകര: മദ്യപിച്ച് കാര്‍ ഓടിച്ച് അപകടം വരുത്തിയ സംഭവത്തില്‍ ഡ്രൈവര്‍ അടക്കം മൂന്നു പേര് പിടിയിലായി. കാര്‍ഡ്രൈവര്‍ പേരാമ്പ്ര എടവരാട് ചേനായി സ്കൂള്പറമ്പില് സാജിദ് (26), കാറില്‍ സഞ്ചരിച്ച എടവരാട് പിലാറത്ത് മലയില്‍ ഫൈസല്‍ (30), എടവരാട് മുക്കണംകോട് അബ്ദുല്‍സലാം (30) എന്നിവരെയാണ് എസ്ഐ എം. സങ്കല്രാജ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാത്രി ഒന്‍പതോടെയാണ് കൈനാട്ടിയില്‍ നിന്ന് തിരുവള്ളൂര്‍ റോഡ് ജംഗ്ഷന് വരെയുള്ള യാത്രക്കിടയില്‍ ഒന്‍പത് പേരെ ഇടിച്ചത്. അപകടങ്ങള്‍ക്ക് ശേഷം നിര്‍ത്താതെ പോയ കാര്‍ തിരുവള്ളൂര്‍ റോഡിലെ മേപ്പയില്‍ പച്ചക്കറി മുക്കില്‍ ലോറിയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ഡ്രൈവര്‍ സാജിദിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയും കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു.

കാറിലുണ്ടായിരുന്ന മൂന്നുപേര്‍ കാര്‍ നിര്‍ത്തിയ ഉടനെ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരില്‍ രണ്ടു പേരെ വ്യാഴാഴ്ച അര്‍ധരാത്രി തന്നെ ചോറോട് ഗേറ്റിനു സമീപം വച്ച് പോലീസ് പിടികൂടി. മറ്റൊരാള്‍ക്കായി തിരച്ചില്‍ നടത്തി വരുന്നതായി പോലീസ് അറിയിച്ചു.

