മതിലിടിഞ്ഞ് വീണു: വൻ ദുരന്തം ഒഴിവായി
പേരാമ്പ്ര: മതിലിടിഞ്ഞ് വീണു, വൻ ദുരന്തം ഒഴിവായി. കനത്ത മഴയിൽ കൈതക്കലിൽ സ്വകാര്യ വ്യക്തി നിർമിച്ച മതിലിടിഞ്ഞ് വീണു, വൻ ദുരന്തം ഒഴിവായി. ഈ സമയം കാൽനടയായി പോവുന്ന വഴിയാത്രക്കാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കൈതക്കലിൽ നിന്നും കാഞ്ഞിരോളിതാഴെ കീഴൽ റോഡ് വരെയുള്ള നടപ്പാതയുടെ ഒരു ഭാഗത്ത് സ്വകാര്യ വ്യക്തി 15 അടിയോളം ഉയരവും 40 മീറ്ററോളം നീളത്തിലും നിർമിച്ച ചുറ്റുമതിലിൻ്റെ ഭാഗമാണ് ഇടിഞ്ഞ് വീണത്.

മതിലിൻ്റെ കല്ലുകൾ ഉൾപ്പെടെയുള്ളവ ഇനിയും വഴിയിൽനിന്ന് എടുത്തു മാറ്റിയിട്ടില്ല. ശക്തമായ മഴ തുടർന്നാൽ വീണ്ടും മതിലിടിയാൻ സാധ്യതയുണ്ട്. മതിലുകൾക്ക് പല സ്ഥലത്തും വിള്ളലുണ്ട്. കുട്ടികളുൾപ്പെടെ നിരവധി പേർ സഞ്ചരിക്കുന്ന വഴിയാണിത്. മതിലിടിയാനുള്ള സാഹചര്യമുള്ളതിനാൽ മതിലിൻ്റെ നിലവിലുള്ള ഉയരം കുറച്ച് അപകടം ഒഴിവാക്കണമെന്ന് നാട്ടുകാർ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.


