KOYILANDY DIARY.COM

The Perfect News Portal

മണ്‍സൂണ്‍ ആര്‍ക്കിടെക്ച്ചര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 21, 22 തീയതികളില്‍

കൊച്ചി: മണ്‍സൂണ്‍ ആര്‍ക്കിടെക്ച്ചര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 21, 22 തീയതികളില്‍ ബോള്‍ഗാട്ടി പാലസില്‍ നടക്കും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സ് (ഐഐഎ) കൊച്ചി സെന്ററിന്റെ ആഭിമുഖ്യത്തിലാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. മണ്‍സൂണ്‍ മേഖലാ രാജ്യങ്ങളിലെ ആര്‍ക്കിടെക്റ്റുകളുടെയും മറ്റ് വിദ്ഗ്ദരുടെയും സംഗമ വേദി കൂടിയാവും മണ്‍സൂണ്‍ ആര്‍ക്കിടെക്ച്ചര്‍ ഫെസ്റ്റിവല്‍.

രാജ്യത്തു നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമായി എണ്ണൂറോളം ആര്‍ക്കിടെക്റ്റുകള്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുമെന്ന് ഐഐഎ കൊച്ചി സെന്റര്‍ ചെയര്‍മാന്‍ വി എന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഐഐഎ കൊച്ചി സെന്ററിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി നടക്കുന്ന ലിവിങ് മണ്‍സൂണ്‍ പരിപാടിയുടെ സമാപനം കൂടിയാണ് മണ്‍സൂണ്‍ ആര്‍ക്കിടെക്ച്ചര്‍ ഫെസ്റ്റിവല്‍. ലിവിങ് മണ്‍സൂണ്‍ പരിപാടിയുടെ ഭാഗമായി മണ്‍സൂണ്‍ മേഖലാ രാജ്യങ്ങളിലെ ആര്‍ക്കിടെക്റ്റുകളെ പങ്കെടുപ്പിച്ച് കൊച്ചിയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി നിരവധി പ്രഭാഷണ പരമ്പരകള്‍ ഐഐഎ നടത്തിയിരുന്നു എന്നും രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരും മണ്‍സൂണ്‍ മേഖലകളില്‍ മികച്ച പദ്ധതികള്‍ രൂപകല്‍പ്പന ചെയത ആര്‍ക്കിടെക്റ്റുകളുമായ ഡോ.കെന്‍ യങ് (മലേഷ്യ), ടായ് കെങ് സൂണ്‍(സിംഗപ്പൂര്‍), രാഹുല്‍ മെഹ്‌റോത്ര(ഇന്ത്യ), കാഷെഫ് ചൗധുരി (ബംഗ്ലാദേശ്), ഡേവിഡ് ഷഫര്‍(തായ്‌ലന്റ്), എഴുത്തുകാരനായ ഫിലിപ്പ് ഗോഡ്(ഓസ്‌ട്രേലിയ), ആര്‍ക്കിടെക്ച്ചറല്‍ ഫോട്ടോഗ്രാഫര്‍ ഇവാന്‍ ബാന്‍(നെതര്‍ലാന്‍ഡ്‌സ്) തുടങ്ങിയവര്‍ മണ്‍സൂണ്‍ ആര്‍ക്കിടെക്ച്ചര്‍ ഫെസ്റ്റിവലില്‍ മുഖ്യ പ്രഭാഷണം നടത്തും. മണ്‍സൂണ്‍ മേഖലകളില്‍ കാലാവസ്ഥയ്ക്കനുയോജ്യമായ തരത്തില്‍ ഇവര്‍ രൂപകല്‍പ്പന ചെയ്ത പദ്ധതികളെ കുറിച്ചും തങ്ങളുടെ അനുഭവത്തെ കുറിച്ചും ഇവര്‍ പങ്ക് വെയ്ക്കും.

Advertisements

ടെക്‌നിക്കല്‍ സെഷനുകള്‍ക്ക് പുറമെ ലിവിങ് മണ്‍സൂണ്‍ എന്ന വിഷയത്തില്‍ എക്‌സിബിഷനും ഇന്‍സ്റ്റലേഷനുകളും ശില്‍പ്പശാലകളും ഫുഡ് ഫെസ്റ്റിവലും വിവിധ കലാ പരിപാടികളും ഉണ്ടാവുമെന്ന് സീനിയര്‍ ആര്‍ക്കിടെക്റ്റായ എസ് ഗോപകുമാര്‍ പറഞ്ഞു. ഇതിന് പുറമെ ലിവിങ് മണ്‍സൂണ്‍ പരിപാടിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി പങ്കെടുത്ത അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ ആര്‍ക്കിടെക്റ്റുകളുടെ പ്രഭാഷണ പരമ്പരകള്‍ കോര്‍ത്തിണക്കി ഐഐഎ കൊച്ചി സെന്റര്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനവും ഫെസ്റ്റിവലില്‍ നടക്കും. മണ്‍സൂണ്‍ മേഖലാ രാജ്യങ്ങളിലെ മികച്ച ആര്‍ക്കിടെക്റ്റുകള്‍ക്കുള്ള മണ്‍സൂണ്‍ ആര്‍ക്കിടെക്ച്ചര്‍ അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്യും.

മണ്‍സൂണ്‍ ആര്‍ക്കിടെക്ച്ചര്‍ ഫെസ്റ്റിവലിന്റെ ലോഗോ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ ഓഫീസില്‍ വച്ച് പ്രകാശനം ചെയ്തു. ഐഐഎ കൊച്ചി സെന്റര്‍ ചെയര്‍മാന്‍ വി എന്‍ രാമചന്ദ്രന്‍, ആര്‍ക്കിടെക്റ്റുകളായ എസ് ഗോപകുമാര്‍, ബി സുധീര്‍, വര്‍ഗ്ഗീസ് പണിക്കര്‍, ചിത്ര നായര്‍, ബിനോയ് പിഎസ്, ബിലെ മേനോന്‍, സെറില്‍ എസ് ജോസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *