മട്ടന്നൂര്‍ നഗരസഭ പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള രാഷ്ട്രീയകക്ഷികളുടെ യോഗം ചേര്‍ന്നു

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭ പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്കരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. തിരുവനന്തപുരത്തെ സര്‍ക്കാര്‍ അതിഥിമന്ദിരത്തില്‍ കൂടിയ യോഗത്തില്‍ രാഷ്ട്രീയകക്ഷി പ്രതിനിധികളായി എം.വി.ഗോവിന്ദൻ മാസ്റ്റര്‍ (സി.പി.ഐ(എം), ജി.സുഗുണന് (സി.എം.പി) ചന്ദ്രന് തില്ലങ്കേരി (ഐ.എന്‍.സി), അഡ്വ.പദ്മകുമാര്‍ (ബി.ജെ.പി), കെ.ജയകുമാര്‍(ആര്.എസ്.പി)എന്നിവര്‍ പങ്കെടുത്തു.
നഗരസഭയില്‍ 2017 സെപ്തംബര്‍ 10 നകം തിരഞ്ഞെടുപ്പ് നടത്തുന്നതു സംബന്ധിച്ച് സ്വീകരിച്ചിട്ടുള്ള നടപടികള്‍ കമ്മീഷന് യോഗത്തെ ധരിപ്പിച്ചു. നഗരസഭയില്‍ 2017 സെപ്തംബര്‍ 10 നകം തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. ഡീലിമിറ്റേഷന്‍ കമ്മീഷന് അതിര്‍ത്തി നിര്‍ണ്ണയത്തിലൂടെ നിലവിലെ 34 വാര്‍ഡുകളെ 35 വാര്‍ഡുകളാക്കി വാര്‍ഡുവിഭജനം പൂര്‍ത്തിയാക്കി. തിരഞ്ഞടുപ്പ് സുഗമമായും സമാധാനപരമായും നടത്തുന്നതിന് എല്ലാ സഹകരണവും ഉണ്ടാകുമെന്ന് രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ യോഗത്തില്‍ ഉറപ്പുനല്‍കി.

2015ലെ അസംബ്ലി വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി ജൂണ്‍ 5നകം കരട് പ്രസിദ്ധീകരിക്കാനാണ് കമ്മീഷന് ഉദ്ദേശിക്കുന്നത്. 2015ലെ അസംബ്ലി വോട്ടര്‍ പട്ടികയ്ക്ക് പകരം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന് 2017ല്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കുന്നതു നന്നായിരിക്കും എന്ന് ഐ.എന്‍.സി പ്രതിനിധി അഭിപ്രയപ്പെട്ടു. മട്ടന്നൂര്‍ നഗരസഭയിലെ ഒരു വാര്‍ഡില്‍ അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പിലേക്ക് വോട്ടര്‍പട്ടിക പുതുക്കേണ്ടി വന്ന സാഹചര്യത്തില്‍ 2017ലെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്റെ പട്ടിക അടിസ്ഥാനമാക്കുന്നത് പ്രായോഗികല്ല എന്നും യാതൊരാേക്ഷപങ്ങള്ക്കും ഇടനല്‍കാതെ കുറ്റമറ്റരീതിയിലാകും വോട്ടര്‍ പട്ടിക പരിഷ്കരിക്കുക എന്നും കമ്മീഷന് യോഗത്തെ അറിയിച്ചു.

വോട്ടര്‍ പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ഓണ്‍ലൈനായിട്ടാകും സമര്‍പ്പിക്കാന്‍ കഴിയുക. പ്രവാസിഭാരതീയര്‍ക്ക് നേരിട്ട് ഹാജരായി വോട്ടു ചെയ്യുന്നതിന് പ്രത്യേകം വോട്ടര്‍പട്ടികയാകും തയ്യാറാക്കുക. തിരഞ്ഞെടുപ്പ് സുതാര്യമായിരിക്കണമെന്നും ജനങ്ങള്‍ക്ക് ധൈര്യമായി വോട്ടുചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും ബി.ജെപി.അംഗംഅഭിപ്രയാപ്പെട്ടു. അതീവ സുരക്ഷിതത്വമുള്ള മള്‍ട്ടി പോസ്റ്റ് ഇ.വി.എം ആണ് പൊതുതിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്.

മെഷീനില്‍ എന്തെങ്കിലും കൃത്രിമം കാണിക്കാന്‍ പോളിംഗ് ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നകാര്യം പരിശോധിക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കാന്‍ ശ്രമിക്കണം.
മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ പ്രദേശത്തും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും മാതൃകാ പെരുമാറ്റച്ചട്ടം പാലിച്ച് വേണം തിരഞ്ഞെടുപ്പ് പ്രചാരണം നടത്തേണ്ടത്.
മുനിസിപ്പാലിറ്റികളെ സംബന്ധിച്ച് ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 30000 രൂപയാണ്.
തിരഞ്ഞെടുപ്പ് പ്രചാരണം സമാധാനപരമായി നടത്തുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മട്ടന്നൂര്‍ നഗരസഭ പൊതുതിരഞ്ഞെടുപ്പ് കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്നും കമ്മീഷന് യോഗത്തില്‍ അഭ്യര്‍ത്ഥിച്ചു.
