മക്കളെ വളര്‍ത്താന്‍ പണമില്ലെന്ന് കാണിച്ച് അമ്മ അഞ്ച് മക്കളെ അനാഥമമന്ദിരത്തിലാക്കി

പാലക്കാട്: മക്കളെ വളര്‍ത്താന്‍ പണമില്ലെന്ന് കാണിച്ച് അമ്മ അഞ്ച് മക്കളെ അനാഥമമന്ദിരത്തിലാക്കി. പാലക്കാട് കണ്ണാടിയിലാണ് കരളലിയിപ്പിക്കുന്ന സംഭവം.പട്ടിണി മൂലം മക്കളെ വളര്‍ത്താന്‍ നിവൃത്തിയില്ലെന്ന് കാണിച്ചാണ് യുവതി എടത്തനാട്ടുകരയിലെ അനാഥാലയത്തിന് കുട്ടികളെ നല്‍കിയത്. അതേസമയം പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് നാല് മുതല്‍ പത്ത് വയസുവരെ പ്രായമുള്ള കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കി.
കണ്ണാടി തവരക്കുറിശ്ശി സ്വദേശികളായ ദമ്ബതികള്‍ക്ക് മൂന്ന് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ്. പുറമ്ബോക്ക് ഭൂമിയിലുള്ള ഓലപ്പുരയിലാണ് കഴിഞ്ഞ ആറ് വര്‍ഷമായി ഇവര്‍ താമസം. സ്വന്തമായി സ്ഥലമോ വീടോ ഈ ദമ്ബതികള്‍ക്കില്ല.

കള്ള് ഷാപ്പ് ജീവനക്കാരനായ യുവതിയുടെ ഭര്‍ത്താവ് ജോലിക്ക് പോകാതായതോടുകൂടി ഈ കുടുംബം പട്ടിണിയിലാവുകയായിരുന്നു. തുടര്‍ന്ന് മക്കളെ വളര്‍ത്താന്‍ മറ്റ് വരുമാന മാര്‍ഗമില്ലെന്ന് കാണിച്ച് യുവതി വാര്‍ഡ് മെമ്ബറെ സമീപിച്ചു.നിയമപരമായ എല്ലാ വസ്തുതകളും പാലിച്ച് കഴിഞ്ഞ മാസം 24 ന് ആണ് എടത്തനാട്ടുകരയിലെ അനാഥാലയത്തിലേക്ക് കുട്ടികളെ മാറ്റിയത്. എന്നാല്‍ കുട്ടികളെ പണം വാങ്ങി വിറ്റു എന്നടക്കമുള്ള ആരോപണങ്ങളും ഉയരുന്നു.

ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടികളെ തിരികെ വീട്ടിലെത്തിച്ച്, കമ്മറ്റിക്ക് മുന്നില്‍ ഹാജരാക്കി. കമ്മിറ്റി സിറ്റിങിന് ശേഷമാകും കുട്ടികളെ അനാഥാലയത്തിന് കൈമാറണോ എന്ന് തീരുമാനിക്കുകയെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

