മക്കളുടെ സംരക്ഷണം ലഭിക്കുന്നില്ലെന്ന് നിറകണ്ണുകളോടെ തമ്പായിയമ്മ

കാസര്‍ഗോഡ് : നിരവധി അസുഖങ്ങള്‍ അലട്ടുന്നുണ്ടെങ്കിലും ഹോസ്ദുര്‍ഗില്‍ നിന്നുള്ള 78കാരിയായ തമ്പായിയമ്മയെ വേദനിപ്പിക്കുന്നത് വളര്‍ത്തിവലുതാക്കിയ മക്കളില്‍ നിന്നുള്ള അവഗണനയാണ്. മൂന്നു പെണ്‍മക്കള്‍ ഉള്‍പ്പെടെ നാലു മക്കളാണ് ഈ അമ്മയ്ക്ക്. ഇതില്‍ സാമ്ബത്തികമായി പിന്നോക്കാവസ്ഥയിലുള്ള ഇളയമകളാണ് ഏക ആശ്രയം. മറ്റ് മക്കള്‍ എല്ലാവരും മെച്ചപ്പെട്ട നിലയിലാണ്.
ഒരു മകള്‍ ജില്ലയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പ്രധാനാധ്യാപികയാണ്. മറ്റുമക്കളും സാമ്പത്തികമായി അല്ലലില്ലാതെ ജീവിക്കുന്നു. ഇവരില്‍ നിന്ന് അവഗണനമാത്രമാണ് തനിക്കുലഭിക്കുന്നതെന്നും സ്വന്തം പേരിലുള്ള മൂന്നര സെന്റ് ഭൂമി വില്‍ക്കാന്‍ പോലും അനുവദിക്കുന്നില്ലെന്നുമായിരുന്നു വനിതാ കമ്മീഷനുമുന്നില്‍ ഈ അമ്മയ്ക്ക് പറയാനുണ്ടായിരുന്നത്. സ്‌കൂളില്‍ പാചകക്കാരിയായി ജോലി ചെയ്തും മറ്റും മക്കളെയെല്ലാം പഠിപ്പിച്ചു.

എന്നാല്‍ വാര്‍ധക്യകാലത്ത് തനിക്ക് അവരില്‍ നിന്ന് ഒരു സഹായവും ലഭിക്കുന്നില്ലെന്ന് ഇളയമകള്‍ക്കൊപ്പമെത്തിയ തമ്പായിയമ്മ പറഞ്ഞു. പരാതികള്‍ വിശദമായികേട്ട കമ്മീഷന്‍ എല്ലാ മക്കളോടും അടുത്ത അദാലത്തില്‍ നേരിട്ട് ഹാജരാകുവാന്‍ നോട്ടീസ് അയച്ചു. നാലു മക്കളും അമ്മയുടെ സംരക്ഷണം ഏറ്റെടുക്കണമെന്നും അമ്മയുടെ പേരിലുള്ള ഭൂമി വില്‍ക്കുവാന്‍ അനുവദിക്കണമെന്നും കമ്മീഷന്‍ പറഞ്ഞു.

