മകനാണെന്ന അവകാശവാദം: ധനുഷ് ഇന്ന് മധുര ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി
ചെന്നൈ: തങ്ങളുടെ മകനാണെന്ന അവകാശവാദവുമായി മധുര മേലൂര്‍ സ്വദേശി കതിരേശനും ഭാര്യ മീനാക്ഷിയും നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് തമിഴ് താരം ധനുഷ് ഇന്ന് മധുര ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി. ഹര്‍ജിയില്‍ പറയുന്ന ശാരീരിക അടയാളങ്ങള്‍ ഒരു ഡോക്ടറുടെ സാന്നിദ്ധ്യത്തില്‍ പരിശോധിക്കാനും കോടതി ഉത്തരവിട്ടു. മാര്‍ച്ച് രണ്ടിന് കേസ് വീണ്ടും പരിഗണിക്കും. 2016 ഒക്ടോബറിലാണ് കതിരേശന്‍ മീനാക്ഷി ദമ്പതികള്‍ ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശവാദവുമായി രംഗത്തെത്തിയത്. തങ്ങളുടെ മകന്‍ കലൈയരസന്‍ ആണ് ഇപ്പോഴത്തെ നടന്‍ ധനുഷെന്നും 2002 ല്‍ മകന്‍ നാടുവിട്ടു പോയതാണെന്നും പറയുന്നു.
നടനായശേഷം തങ്ങളെ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും കസ്തൂരി രാജയില്‍ നിന്ന് തങ്ങള്‍ക്ക് മകനെ തിരികെ വേണം എന്നും ആവശ്യപ്പെട്ടാണ് ട്രാന്‍സ്പോര്‍ട്ട് ജീവനക്കാരനായ കതിരേശന്‍ രംഗത്തെത്തിയത്. പൊലീസ് കേസെടുക്കാന്‍ മടിച്ചതിനെ തുടര്‍ന്ന് കതിരേശന്‍ മേലൂര്‍ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. നേരിട്ട് ഹാജരാകണമെന്ന മേലൂര്‍ കോടതിയുടെ ഉത്തരവിനെതിരെ മധുര ഹൈക്കോടതിയില്‍ ധനുഷ് ഫയല്‍ ചെയ്ത ഹര്‍ജിക്കെതിരെയാണ് നിലവിലെ വിധി വന്നത്. നിലവില്‍ സംവിധായകനും നിര്‍മ്മാതാവുമായ കസ്തൂരി രാജയുടെയും വിജയലക്ഷ്മിയുടെയും രണ്ടാമത്തെ മകനായാണ് ധനുഷ് അറിയപ്പെടുന്നത്.

