ഭർത്താവിനെ കൊല്ലപ്പെടുത്താൻ ശ്രമിച്ച യുവതി കാമുകനാൽ കൊല്ലപ്പെട്ടു

ഇരിട്ടി: കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കൂട്ടുനിന്ന യുവതിക്ക് ഒടുവില്‍ കാമുകന്റെ കൈകളാല്‍ തന്നെ മരിക്കേണ്ടിയും വന്നു. ഇക്കഴിഞ്ഞ ജനുവരി 21ന് ഇരിട്ടി നഗരത്തില്‍ പഴയപാലം റോഡിലെ ആളൊഴിഞ്ഞ പറമ്പില്‍ ഉപയോഗിക്കാത്ത കിണറില്‍ നിന്ന് അഴുകിയ നിലയില്‍ ഒരു യുവതിയുടെ മൃതദേഹം പോലീസ് പുറത്തെടുത്തിരുന്നു.
പ്രദേശം മുഴുവനും ദുര്‍ഗന്ധം വ്യാപിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ തെരച്ചില്‍ നടത്തുകയും സമീപത്തെ കിണറ്റില്‍ നിന്നുമാണ് ദുര്‍ഗന്ധം വരുന്നതെന്നും തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് കിണര്‍ പരിശോധിച്ചപ്പോഴാണ് ഒരു യുവതിയുടെ മൃതദേഹം കണ്ടുകിട്ടിയത്. എന്നാല്‍ മരിച്ച യുവതിയെ തിരിച്ചറിയാത്തത് പോലീസിനെ വട്ടംകറക്കിയിരുന്നു.

കര്‍ണാടക തുംകൂര്‍ സ്വദേശിയായ പന്തല്‍ തൊഴിലാളി മഞ്ജുനാഥ (40)നിലേക്ക് അന്വേഷണം എത്തുന്നത് കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തെ ചിലരുടെ മൊഴിയിലൂടെയാണ്. മൃതദേഹം കണ്ടെത്തുന്നതിന് കുറച്ചുനാള്‍ മുമ്പുവരെ നാടോടി സംഘം കിണറിനു സമീപത്തെ പറമ്പില്‍ താമസിച്ചിരുന്നു. ഏറ്റവും ഒടുവില്‍ താമസിച്ചിരുന്നത് മഞ്ജുനാഥയെന്നയാളും ഒരു സ്ത്രീയും രണ്ട് കുട്ടികളുമാണെന്ന് നാട്ടുകാരില്‍ നിന്നും അറിഞ്ഞ പോലീസ് പിന്നെ അന്വേഷണം മഞ്ജുനാഥനെ കേന്ദ്രീകരിച്ച് നടത്തുകയായിരുന്നു.

മഞ്ജുനാഥന്‍ കുറച്ചുദിവസം മുമ്പ് അതിരാവിലെ രണ്ട് കുട്ടികളുമായി ഇരിട്ടിയില്‍ നിന്ന് പോകുന്നത് നഗരത്തിലെ സിസി ടിവി കാമറയില്‍ പതിഞ്ഞിരുന്നു. ഇയാള്‍ സമീപത്തെ ചിലരുമായി പരിചയപ്പെടുകയും ഫോണ്‍ നമ്പര്‍ കൈമാറുകയുമൊക്കെ ചെയ്തിരുന്നു. അങ്ങിനെ മഞ്ജുനാഥന്റെ വിലാസം തേടിപ്പിടിച്ച് തുംകൂരിലെത്തിയ പോലീസ് ഇയാളെ ചോദ്യം ചെയ്യുന്നതിനായി ഇരിട്ടിയിലേക്ക് വിളിപ്പിച്ചു. എന്നാല്‍, മഞ്ജുനാഥന്റെ നീക്കത്തില്‍ പന്തികേട് തോന്നിയ പോലീസ് ഒടുവില്‍ കര്‍ണാടകയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആദ്യം ഒന്നും വിട്ടുപറയാതെ പിടിച്ചുനിന്ന മഞ്ജുനാഥ് ശോഭയുടെ കൊലപാതക വിവരം പിന്നീട് വെളിപ്പെടുത്തി.

തന്റെ മാതൃസഹോദരി പുത്രി കൂടിയായ ശോഭ ഭാര്യയല്ലെന്നും ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതിനാല്‍ അവര്‍ ജീവിക്കാന്‍ മറ്റു ഗതിയില്ലാതെ കുട്ടികള്‍ക്കൊപ്പം തന്റെ കൂടെ വന്നതാണെന്നും വെളിപ്പെടുത്തി. ഭാര്യാ ഭര്‍ത്താക്കന്മാരെ പോലെ കഴിഞ്ഞിരുന്ന തങ്ങള്‍ക്കിടയില്‍ ഉണ്ടായ തര്‍ക്കമാണ് ശോഭയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും കുട്ടികളെ ബംഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടുവന്ന് അവിടെ മജിസ്റ്റിക് റെയില്‍വേ സ്റ്റേഷനില്‍ വച്ച് കാണാതായെന്നുമായിരുന്നു ഇയാള്‍ പോലീസിനോട് ആദ്യം പറഞ്ഞിരുന്നത്.
ശോഭയുടെ കൊലപാതകത്തില്‍ ബന്ധുവായ മഞ്ജുനാഥിനെ അറസ്റ്റുചെയ്ത പോലീസ് തങ്ങളുടെ ജോലി പൂര്‍ത്തിയാക്കിയെന്ന വിശ്വാസത്തിലായിരുന്നു. എന്നാല്‍, ശോഭയെ കൊലപ്പെടുത്തി കടന്നുകളഞ്ഞ മഞ്ജുനാഥ് കുട്ടികളെ അപായപ്പെടുത്തിയിട്ടുണ്ടാകുമോ? അതോ വല്ല ഭിക്ഷാടന മാഫിയയ്ക്കും വില്പന നടത്തിയോ? എന്ന ചോദ്യം ബാക്കിയായി. ഇക്കാര്യത്തില്‍ പൂര്‍ണമായൊരു ഉത്തരം പ്രതീക്ഷിച്ചില്ലെങ്കിലും അന്വേഷണം ആരംഭിക്കുന്നതിനായി പോലീസ് ഫെബ്രുവരി 14ന് മഞ്ജുനാഥനെ കസ്റ്റഡിയില്‍ വാങ്ങി.
വീണ്ടും ചോദ്യം ചെയ്യാന്‍ തുടങ്ങിയെങ്കിലും ശോഭയുടെ ഭര്‍ത്താവ് രാജുവിനെ കുറിച്ച് എന്തെങ്കിലും വിവരം ഇയാള്‍ക്ക് അറിയാമെന്ന് പോലീസ് കരുതിയിരുന്നില്ല. രാജു നേരത്തെ ശോഭയെ ഉപേക്ഷിച്ചുപോയതാണെന്നും ഇയാളെ കണ്ടെത്തി തരാമെന്ന് താന്‍ ശോഭയ്ക്ക് വാക്കുകൊടുത്തിട്ടുണ്ടായിരുന്നുവെന്നുമാണ് ഇയാള്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍, പിന്നീട് പോലീസിന്റെ തിരിച്ചുംമറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ മഞ്ജുനാഥന്‍ മനസു തുറക്കുകയായിരുന്നു. അവിടെയാണ് അന്വേഷണസംഘം ശരിക്കും ഞെട്ടിപ്പോയത്.
രാജു എവിടെയും പോയതല്ലെന്നും ശോഭയും താനുംകൂടി അയാളെ കൊലപ്പെടുത്തി കത്തിക്കുക യായി
രുന്നുവെന്നുമുള്ള വെളിപ്പെടുത്തല്‍ കര്‍ണാടക പോലീസ് കുറേക്കാലം അന്വേഷിച്ച് അടച്ചുവച്ച കൊലപാതക കേസിലെ ദുരൂഹതകള്‍ കൂടി നീക്കുകയായിരുന്നു. കര്‍ണാടകയിലെ സാത്താനഹള്ളി എന്ന സ്ഥലത്ത് രാജുവും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്നു. ഇവിടെ ശോഭയുടെ ബന്ധുവായ മഞ്ജുനാഥനും കുറച്ചുകാലം താമസിക്കാനെത്തിയിരുന്നു.
ഇതിനിടെ ശോഭയുടെ മാതൃ സഹോദരി പുത്രന്‍ കൂടിയായ മഞ്ജുനാഥന്‍ ഇതെല്ലാം മറന്ന് ശോഭയോട് വഴിവിട്ട അടുപ്പം കാണിച്ചുതുടങ്ങി. ഈ ബന്ധം വളര്‍ന്നപ്പോഴേക്കും രാജു അതിന് തടസമാകുമെന്ന് ഇരുവരും ഭയന്നു. ഇതോടെ രാജുവിനെ ഇല്ലാതാകാനുള്ള പദ്ധതികള്‍ ഇരുവരും ചേര്‍ന്ന് ആസൂത്രണം ചെയ്യുകയായിരുന്നു.
അങ്ങനെ 2015 ഡിസംബര്‍ 21ന് രാജുവിനെയും കൂട്ടി ശോഭയും മഞ്ജുനാഥും ഇയാളുടെ ഗുഡ്സ് ഓട്ടോറിക്ഷയില്‍ ഉജ്ജനഹള്ളിയെന്ന ഗ്രാമത്തിലെ വിജനമായ വനപ്രദേശത്ത് എത്തി. വാഹനത്തില്‍ വച്ച് കയര്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വനത്തിലെ കുഴിയില്‍ ചുള്ളിക്കമ്ബുകള്‍ അടുക്കിവച്ച് കത്തിക്കുകയായിരുന്നു. പുക ഉയരുന്നത് കണ്ട് വനപാലകര്‍ എത്തിയതോടെ ഇരുവരും രക്ഷപ്പെട്ടു. മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്ബും കണ്ടെത്താനായില്ല. മാത്രമല്ല സംഭവത്തില്‍ പരാതിക്കാരാരുമില്ലാത്തതിനാല്‍ കേസ് ഫയല്‍ അടച്ചു. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയപ്പെടാത്തതിനാല്‍ കൊലയാളികളെയും തിരിച്ചറിയാതെ വരികയായിരുന്നു.
തുടര്‍ന്നാണ് മഞ്ജുനാഥും ശോഭയും നാടോടി സംഘത്തോടൊപ്പം കേരളത്തിലും എത്തിയത്. ശോഭയോടൊപ്പം കുറേ നാളുകള്‍ താമസിച്ച മഞ്ജുനാഥന്‍ ഇടയ്ക്ക് ഇയാളുടെ തുംകൂരിലുള്ള ഭാര്യയുടെയും കുട്ടിയുടേയും അടുത്തേക്ക് പോകാന്‍ ശ്രമിച്ചു. ഇത് ശോഭയുമായുള്ള അകല്‍ച്ചയ്ക്ക് കാരണമായി. ഇരുവരും വഴക്കു കൂടുമ്ബോള്‍ തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ വിവരം വെളിപ്പെടുത്തുമെന്ന് ശോഭ ഭീഷണിപ്പെടുത്തിയതാണ് മഞ്ജുനാഥനെ വീണ്ടുമൊരു കൊലപാതകത്തിന് പ്രേരിപ്പിച്ചത്. കഴിഞ്ഞ ജനുവരി 14ന് രാത്രി കഴുത്ത് ഞെരിച്ച് ശോഭയെ കൊലപ്പെടുത്തിയ മഞ്ജുനാഥന്‍ മൃതദേഹം കിണറില്‍ തള്ളി കുട്ടികളുമായി സ്ഥലംവിടുകയായിരുന്നു. ഈ കൊലപാതകവും തെളിയാന്‍ പോകുന്നില്ലെന്ന് കണക്കുകൂട്ടിയ മഞ്ജുനാഥന്‍ കുടുംബത്തോടൊപ്പം താമസിച്ചുവരികയായിരുന്നു.
ശോഭയുടെ കുട്ടികളായ ആറുവയസുകാരന്‍ ആര്യനെയും നാലുവയസുകാരി അമൃതയെയും ബംഗളൂരുവില്‍ വച്ച് മുംബൈ ട്രെയിനില്‍ കയറ്റിവിടുകയായിരുന്നുവെന്നാണ് ഇയാള്‍ പറയുന്നത്. കാണാതായ കുട്ടികളെ കുറിച്ച് അന്വേഷിക്കുന്ന ബോസ്കോ എന്ന സന്നദ്ധ സംഘടനയ്ക്കും റെയില്‍വേ പോലീസിനും വിവരം കൈമാറിയ പോലീസ് കുട്ടികളുടെ ഫോട്ടോകളും നല്കിയിട്ടുണ്ട്. മഞ്ജുനാഥനെ 20ന് പോലീസ് കോടതിയില്‍ തിരികെ ഹാജരാക്കും.
കണ്ണൂര്‍ നര്‍ക്കോട്ടിക്കല്‍ ഡിവൈ.എസ്.പി വി.എന്‍ വിശ്വനാഥന്റെ മേല്‍നോട്ടത്തില്‍ പേരാവൂര്‍ സി.ഐ എന്‍. സുനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ എസ്.ഐ കെ. സുധീര്‍, എസ്.ഐ എസ്. അന്‍ഷാദ്, എ.എസ്.ഐ രമേശ് ബാബു, ഷംസുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കര്‍ണാടകയിലും കേരളത്തിലുമായി അന്വേഷണം നടത്തിയത്.
