ഭൂരഹിതരില്ലാത്ത കേരളം: ഉപയോഗ യോഗ്യമല്ലാത്ത ഭൂമി മാറ്റി നല്‍കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്
 
        തിരുവനന്തപുരം: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത ഉപയോഗ യോഗ്യമല്ലാത്ത ഭൂമി മാറ്റി നല്‍കുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന് നിയമസഭയെ അറിയിച്ചു. ഇതിനായി 281.96 ഏക്കര്‍ ഭൂമി കണ്ടെത്തിയെന്നും അറിയിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത ഭൂമിയില്‍ ഭൂരിഭാഗവും ഉപയോഗ യോഗ്യമല്ലാത്തവയാണെന്ന പരാതിയുണ്ടായിരുന്നു. പലതിലും വഴി പോലുമില്ലായിരുന്നു. ചിലയിടങ്ങള്‍ കൃഷിക്കോ, താമസത്തിനോ പറ്റിയതുമല്ല. കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി ജില്ലയിലാണ് ഇത്തരം പരാതികള്‍ ഏറെയുള്ളത്. ഇതിന് പരിഹാരമായാണ് ഭൂമി മാറ്റി നല്‍കുന്നത്.

52398 പേര്‍ക്കായിരുന്നു പദ്ധതി പ്രകാരം ഭൂമി ലഭിച്ചത്. ഇതില്‍ 39000 പട്ടയങ്ങള്‍ മാത്രമാണ് ഇതുവരെ വിതരണം ചെയ്തത്. ഇതില്‍ തന്നെ 14000 താമസക്കാര്‍ മാത്രമേ നിലവിലുള്ളൂ. ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്ന ഭൂമി 21000 പേര്‍ക്ക് വിതരണം ചെയ്യാനാവുമെന്നും റവന്യൂമന്ത്രി അറിയിച്ചു.



 
                        

 
                 
                