ഭീകരവാദികളെ ധീരതയോടെ നേരിട്ട പതിനാറുകാരന് ശൗര്യചക്ര നല്‍കി ആദരിച്ച് രാജ്യം

ദില്ലി: ഭീകരവാദികളെ ധീരതയോടെ നേരിട്ട പതിനാറുകാരന് ധീരതയ്ക്കുള്ള ശൗര്യചക്ര നല്‍കി ആദരിച്ച് രാജ്യം. കശ്മീരിലെ ഷോപിയാനില്‍ നിന്നുള്ള ഇര്‍ഫാന്‍ റംസാന്‍ ഷെയ്‍ഖ് എന്ന കൗമാരക്കാരനാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശൗര്യചക്ര സമ്മാനിച്ചത്. സൈന്യത്തിനും അര്‍ധസൈനിക വിഭാഗങ്ങള്‍ക്കും നല്‍കുന്ന ശൗര്യചക്ര അപൂര്‍വമായാണ് സൈനികരല്ലാത്തവര്‍ക്ക് സമ്മാനിക്കുന്നത്.
ഷോപിയാനിലുള്ള തന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ ഭീകരവാദികളെ ധീരതയോടെ നേരിട്ടതിനാണ് ഷെയ്‍ഖിന് പുരസ‍്‍കാരം നല്‍കിയത്. 2017 ഒക്ടോബര്‍ 16ന് ഷെയ്‍ഖിന്‍റെ വീട്ടില്‍ ഭീകരര്‍ എത്തുകയായിരുന്നു. തോക്കുകളും ഗ്രനേയിഡുമായി നിലയുറപ്പിച്ച ഭീകരവാദികളെ നേരിടാന്‍ ഷെയ്‍ഖ്‍ ഒറ്റയ്‍ക്ക് വീടിന് പുറത്തേക്ക് ഇറങ്ങി. ഇതിനിടെ പുറത്തു വന്ന ഷെയ്‍ഖിന്‍റെ പിതാവ് മുഹമ്മദ് റംസാനെയ്ക്ക് ഭീകരരുടെ വെടിയേല്‍ക്കുകയും ചെയ്തു.

എന്നിട്ടും ധൈര്യം കൈവിടാതെ ഭീകരവാദികള്‍ക്ക് നേരെ ഷെയ്‍ഖ് വെടിയുതിര്‍ത്തു. ഇതോടെ ഭീകരര്‍ രക്ഷപെടാന്‍ ശ്രമിച്ചുവെങ്കിലും ഷെയ്‍ഖ് പിന്തുടര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നു. പിന്നീട് ചികിത്സയിലിരിക്കെ മൊഹമ്മദ് മരിച്ചു. പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(പിഡിപി)യുടെ കീഴിലുള്ള ഗ്രാമമുഖ്യനായിരുന്നു മുഹമ്മദ് റംസാനെ.

ചെറുപ്രായത്തില്‍തന്നെ അസാമാന്യധീരതയും പക്വതയുമാണ് ഇര്‍ഫാന്‍ റംസാന്‍ ഷെയ്ക്ക് പ്രകടിപ്പിച്ചതെന്ന് മെഡലിനൊപ്പമുള്ള ഫലകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് ഇര്‍ഫാന്‍. ഭാവിയില്‍ ഒരു ഐപിഎസ്‍ ഉദ്യോഗസ്ഥന്‍ ആകണമെന്നാണ് ഷെയ്‍ഖിന്റെ ആഗ്രഹം.

