KOYILANDY DIARY.COM

The Perfect News Portal

ഭിന്നശേഷിക്കാര്‍ക്കായി ഏഴുകോടിയുടെ സ്വത്ത് നല്‍കി ദമ്പ്തികള്‍

തിരുവനന്തപുരം: ഏഴുകോടി വില വരുന്ന സ്വത്ത് ഭിന്നശേഷിക്കാര്‍ക്കായി നല്‍കാന്‍ ഒരുങ്ങി മാതൃകയാവുകയാണ്‌ ദമ്ബതികളായ എന്‍ കമലാസനനും ഭാര്യ സികെ സരോജിനിയും. കൊല്ലം വെളിയത്തെ വീടും സ്ഥലവും ഇവര്‍ സര്‍ക്കാരിന് കൈമാറിക്കഴിഞ്ഞു. കോഴിക്കോട്ടെ നാലരക്കോടിയുടെ സ്വത്തും ഭിന്നശേഷിക്കാര്‍ക്കായി കൈമാറുമെന്നും ദമ്ബതികള്‍ വ്യക്തമാക്കി. സിപിഐ എം സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്ന സിഎച്ച്‌ കണാരന്റെ മകളാണ് സരോജിനി.

ഭിന്നശേഷിക്കാര്‍ക്കായി സംരക്ഷണ കേന്ദ്രം തുടങ്ങണമെന്നാവശ്യപ്പെട്ടാണ് ദമ്ബതികള്‍ സ്വത്തുക്കള്‍ സര്‍ക്കാരിന് കൈമാറിയത്. കൊല്ലം വെളിയത്തെ മൂന്നുകോടി വിലവരുന്ന കെട്ടിടവും സ്ഥലവുമാണ് സാമൂഹ്യനീതി വകുപ്പിന് കൈമാറിയത്.

തന്റെയും ഭാര്യയുടേയും കാലശേഷം കോഴിക്കോട്ടെ എരഞ്ഞിപ്പാലത്തെ വീടും പതിനഞ്ച് സെന്റും കൈമാറും; കമലാസനന്‍ പറഞ്ഞു.13ാം വയസുമുതല്‍ സ്‌കീസോഫ്രീനിയ ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന തങ്ങളുടെ മകളുടെ അവസ്ഥയാണ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് കമലാസനനേയും ഭാര്യയേയും കൊണ്ടുചെന്നെത്തിച്ചത്. തങ്ങളുടെ കാലശേഷം മകളെ സംരക്ഷിക്കുമോ എന്ന ചോദ്യത്തിന് അനുകൂലമായ മറുപടികള്‍ ബന്ധുക്കളില്‍ നിന്നും ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. ഈ അവസരത്തില്‍ മകളുടെ സംരക്ഷണം കൂടി ലക്ഷ്യമിട്ടാണ് വലിയ ആദരവ് പിടിച്ചുപറ്റിയ തീരുമാനമുണ്ടായത്.

Advertisements

‘സ്‌കീസോഫ്രീനിയ പോലെ ചികിത്സിച്ച്‌ ഭേദമാക്കാനാകാത്ത അസ്വാസ്ഥ്യമുള്ളവരുടെ ദൈനംദിന ജീവിതം വളരെ പരിതാപകരമായിരിക്കും. എല്ലാദിവസവും മരുന്ന് ഉപയോഗിക്കുക മാത്രമാണ് ചെയ്യാനാകുന്നത്. അടുത്ത തവണ മരുന്നെടുക്കുന്നതുവരെ ഇതൊരു ആശ്വാസം നല്‍കും. ഇതിങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കും. ഞങ്ങളെ സംബന്ധിച്ചിടത്തോളം സാമ്ബത്തിക പ്രശ്നങ്ങള്‍ ഇല്ല. എന്നാല്‍ പല കുടുംബങ്ങളിലും അതല്ല അവസ്ഥ. അവര്‍ക്ക് കെയര്‍ ഹോമുകളിലെ ചിലവുകള്‍ താങ്ങാന്‍ ചിലപ്പോള്‍ സാധിച്ചുകൊള്ളണമെന്നുമില്ല,’ കമലാസനന്‍ പറയുന്നു.

റിട്ടയേര്‍ഡ് അധ്യാപകനായ കമലാസനന്‍ ചെറൂട്ടി റോഡിലെ സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സെക്രട്ടറി കൂടിയാണ്. കോഴിക്കോട് ഗണപത് സ്‌കൂളിലെ പ്രധാനാധ്യാപികയായിരുന്നു സികെ സരോജിനി.

Share news

Leave a Reply

Your email address will not be published. Required fields are marked *