ഭാര്യയെ ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്നു

കോട്ടയം> സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്നു. മണിമല കറിക്കാട്ടുര്‍ കാവുങ്കല്‍ വീട്ടില്‍ ശോശാമ്മ (79)യാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവ് വര്‍ഗീസി(81)നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണിമല പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ മണിമലയിലെ ഇവരുടെ വീട്ടിലാണ് സംഭവം. ഒരേ വീട്ടിലാണെങ്കിലും വര്‍ഷങ്ങളായി ഇവര്‍ തമ്മില്‍ പിണങ്ങി കഴിയുകയായിരുന്നു. ശോശാമ്മയുടെ പേരിലുള്ള വസ്തു ഭര്‍ത്താവ് വര്‍ഗീസിന്റെ പേരില്‍ എഴുതി കൊടുക്കാതിരുന്നതാണ് തര്‍ക്കത്തിന് കാരണമെന്ന് പറയുന്നു. ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നതാണ്.

ഭര്‍ത്താവും ഇയാളുടെ സഹോദരന് റാന്നി സ്വദേശി ജോര്‍ജും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചുവെന്ന് 2019 മാര്‍ച്ച് 20ന് ശോശാമ്മ മണിമല പൊലീസില്‍ പരാതി നല്‍കിയിരുന്നു. ശോശാമ്മയുടെ പേരിലുള്ള വസ്തു വര്‍ഗീസിന്റെ പേരില്‍ എഴുതി കൊടുക്കാത്തതിന് മുമ്ബും പല തവണ വര്‍ഗീസ് മര്‍ദിച്ചിരുന്നു.

മണിമല സ്റ്റേഷനില്‍ നിന്നും നീതി ലഭിച്ചില്ലായെന്ന് ആരോപിച്ച് ഏപ്രില്‍ 27 ന് ജില്ലാ പൊലീസിന് പരാതി നല്കി. ജില്ലാ പൊലീസ് മേധാവി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്കും അവിടെ നിന്നും മണിമല എസ്എച്ച്ഒയ്ക്കും പരാതി കൈമാറി. ഇതിനിടെയാണ് തിങ്കളാഴ്ച രാവിലെ കട്ടിലില്‍ കിടന്നുറങ്ങവേ ശോശാമ്മയുടെ ദേഹത്തേക്ക് വര്‍ഗീസ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. വര്‍ഗീസിന്റെ വസ്ത്രത്തിലും തീ പിടിച്ചു.

നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിക്കൂടി ഇരുവരേയും കോട്ടയം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് 4.30 ന് ശോശാമ്മ മരിച്ചു. ശോശാമ്മയുടെ മൊഴി രേഖപ്പെടുത്താന്‍ മജിസ്ട്രേറ്റ് എത്തിയെങ്കിലും നില അതീവ ഗുരുതരമായതിനാല്‍ കഴിഞ്ഞില്ല. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. മക്കള്‍: ലൂയീസ്(ദുബായ്), ഫിലിപ്പോസ് (ഷാര്‍ജ), ജൂലി.
