ബൈപാസ് വിഷയം: കൊയിലാണ്ടി വ്യാപാരി വ്യവസാസി ഏകോപനസമിതി പിളർപ്പിലേക്ക്

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റില്‍ നന്തി-ചെങ്ങോട്ട്കാവ് ബൈപ്പാസിനെ ചൊല്ലി പൊട്ടിത്തെറി. ടി.നസിറുദ്ദീന്‍ വിഭാഗത്തിലെ നേതാക്കള്‍ പരസ്പരം പുറത്താക്കിയെന്ന രീതിയില്‍ നോട്ടീസുകള്‍ പുറത്തിറക്കി. ബൈപ്പാസിനെ അനുകൂലിച്ച് രംഗത്തു വന്ന ഏകോപനസമിതിയുടെ കൊയിലാണ്ടി യൂണിറ്റ് ജനറല്‍സെക്രട്ടറി ടി.പി ഇസ്മയിലിനെ പുറത്താക്കിയെന്നു കാണിച്ച് പ്രസിഡന്റ് മണിയോത്ത് മൂസയുടെ വിഭാഗം രംഗത്ത് വന്നു. ഇതു വ്യക്തമാക്കുന്ന നോട്ടീസും ഇവര്‍ പുറത്തിറക്കി. ഇതിനു മറുപടിയായി മണിയോത്ത് മൂസയെ സംഘടനയില്‍ നിന്നും പുറത്താക്കി എന്നു പറയുന്ന നോട്ടീസുകള്‍ ഇറക്കി ഇസ്മയില്‍ വിഭാഗം തിരിച്ചടിച്ചു.
കൊയിലാണ്ടിയില്‍ ബൈപ്പാസ് നിര്‍മ്മിക്കണമെന്നും ദേശീയപാത വികസനം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരി സംഘടനകള്‍ മാര്‍ച്ച് ഒന്നിന് ഹര്‍ത്താല്‍ നടത്തിയിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ശ്രീധരന് വിഭാഗവും മര്‍ച്ചന്റ് അസോസിയേഷനും തുടക്കം മുതലേ ബൈപ്പാസ് അനുകൂല നിലപാടാണ് സ്വീകരിച്ചത്.

കടകള്‍ നഷ്ടപ്പെടുന്നവര്‍ക്ക് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവുമാണ് തങ്ങളുടെ ആവശ്യമെന്നും ബൈപ്പാസ് വരണോ വേണ്ടയോ എന്ന് സര്‍ക്കാറാണ് തീരുമാനിക്കേണ്ടതെന്നും മാണിയോത്ത് മൂസ പറഞ്ഞു. എന്നാല്‍ ദേശീയപാത 45 മീറ്റര്‍ വികസിപ്പിച്ചാല്‍ കൊയിലാണ്ടി നഗരം പൂര്‍ണ്ണമായും ഇല്ലാതാകുമെന്നും വ്യാപാരികള്‍ പെരുവഴിയിലാകുമെന്നുമാണ് ഇസ്മയിലിൽ വിഭാഗത്തിന്റെ അഭിപ്രായം. മാര്‍ച്ച് 16 ന് നസിറുദ്ദീന്‍െറ സാനിധ്യത്തില്‍ പ്രശ്നം പരിഹരിക്കാന്‍ ചര്‍ച്ച നടക്കുന്നുണ്ട്.

