KOYILANDY DIARY.COM

The Perfect News Portal

ബൈക്കുകളിലും കാറിലും സഞ്ചരിച്ചു കവര്‍ച്ച നടത്തുന്ന അഞ്ചംഗ സംഘം പിടിയില്‍

പാലക്കാട്: പാലക്കാട്, തൃശൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ചു ബൈക്കുകളിലും കാറിലും സഞ്ചരിച്ചു കവര്‍ച്ച നടത്തുന്ന അഞ്ചംഗ സംഘം പിടിയില്‍. പാലക്കാട് മമ്ബറം സ്വദേശി പ്രമോദ് (32), കൊടുമ്ബ് സ്വദേശി സുഭാഷ്(24), ഇവരുടെ സുഹൃത്തുക്കളായ മമ്ബറം സ്വദേശി ആദര്‍ശ്(28), കിണാശേരി സ്വദേശി സഞ്ജയ് രാജ് എന്ന സഞ്ജു (27), കൊടുമ്ബ് സ്വദേശി മനോജ് എന്ന കിളി മനോജ് (30) എന്നിവരെയാണ് ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

വാഹന പരിശോധനക്കിടെയാണ് സംഘം പോലീസിന്റെ വലയിലായത്. കിണാശ്ശേരിയില്‍ വാഹന പരിശോധനക്കിടെ പോലീസ് വാഹനം കണ്ട് തിരിഞ്ഞുപോകാന്‍ ശ്രമിച്ച പ്രമോദും സുഭാഷുമാണ് ആദ്യം പിടിയിലായത്. ഇവരുടെ വാഹന നമ്ബര്‍ വ്യാജമാണെന്ന് മനസിലായതോടെ സ്‌റ്റേഷനിലെത്തിച്ച്‌ നടത്തിയ ചോദ്യംചെയ്യലിലാണ് കവര്‍ച്ചകളുടെ ചുരുളഴിഞ്ഞത്.

കഴിഞ്ഞ ജൂണില്‍ ഇരുവരും ചേര്‍ന്ന് ഇന്നോവ കാര്‍ വാടകയ്‌ക്കെടുക്കുകയും പല്ലാവൂരില്‍ വഴി ചോദിക്കാനെന്ന വ്യാജേന വഴിയരികില്‍ നിന്ന വൃദ്ധയുടെ സ്വര്‍ണമാല പൊട്ടിച്ച ശേഷം കൂട്ടുകാരനായ സഞ്ജുവിനെയും കൂട്ടി തൃശൂര്‍ പഴയന്നൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള തിരുവില്വാമലയിലെത്തി വൃദ്ധയുടെ സ്വര്‍ണമാല കവര്‍ന്നിരുന്നു.

Advertisements

ജൂലായ് മാസം ചുവന്ന ബലെനോ കാര്‍ വാടകയ്ക്ക് എടുത്തു സുഭാഷും പ്രമോദും, കൂട്ടുകാരായ മനോജ്, ജോബിന്‍ എന്നിവരും ചേര്‍ന്ന് ചെര്‍പ്പുളശ്ശേരി അമ്ബലപ്പാറ ചെറുമുണ്ടശേരി ഭാഗത്തു വീടിന്റെ മുന്നില്‍ മുറ്റമടിക്കാന്‍ നിന്ന വൃദ്ധയായ സ്ത്രീയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാലയും പൊട്ടിച്ചു കടന്നുകളഞ്ഞു.

മാല വിറ്റുകിട്ടിയ പണംകൊണ്ട് പള്‍സര്‍ ബൈക്ക് വാങ്ങുകയും നെന്മാറ എന്‍.എസ്.എസ്. കോളജിനു മുന്നില്‍വച്ച്‌ സ്‌കൂട്ടറില്‍ പോകുന്ന സ്ത്രീയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ച ശേഷം പ്രതികള്‍ കുഴല്‍മന്ദം, കോട്ടായി വഴിയില്‍ റോഡരികിലൂടെ നടന്നുവന്ന സ്ത്രീയുടെ മാലയും കവര്‍ന്നു.

അടുത്ത ദിവസം മുണ്ടൂര്‍ കൂട്ടുപാതയില്‍ വച്ചു ബൈക്കില്‍ ഭര്‍ത്താവിനൊപ്പം സഞ്ചരിച്ചിരുന്ന സ്ത്രീയുടെ കഴുത്തിലെ മാലയും പൊട്ടിച്ചു. ഈ സംഭവത്തിന്റെ സിസി.ടിവി ദൃശ്യങ്ങള്‍ പ്രചരിക്കുന്നതറിഞ്ഞ പ്രതികള്‍ ചെെന്നെയിലേക്ക് നാടുവിട്ടു. ഇടയ്ക്ക് നാട്ടില്‍ വന്നപ്പോഴാണ് ഇവര്‍ പിടിയിലായത്.

പ്രമോദിനെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ 2014 ല്‍ എലപ്പുള്ളി, കൊഴിഞ്ഞപാറ റോഡില്‍ വെച്ച്‌ പ്രമോദും ആദര്‍ശും ചേര്‍ന്ന് ഭര്‍ത്താവിന്റെ കൂടെ ബൈക്കില്‍ സഞ്ചരിച്ച സ്ത്രീയുടെ മാല തുടര്‍ച്ചയായി രണ്ടു തവണ കവര്‍ച്ച ചെയ്തതായി തെളിഞ്ഞു.

പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മലപ്പുറം, മഞ്ചേരി ഭാഗത്തേക്ക് മാല പിടിച്ചുപറിക്കായി പ്രതികള്‍ പോയതായും വിവരമുണ്ട്. ഇതേപ്പറ്റി അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുക്കാനുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *