ബുധനാഴ്‌ചവരെ സംസ്‌ഥാനത്ത് ശക്‌തമായ മഴ
കൊച്ചി: ബുധനാഴ്‌ചവരെ സംസ്‌ഥാനത്ത് ശക്‌തമായ മഴ പെയ്യുമെന്ന് കാലാവസ്‌ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഒറീസാ തീരത്തിനടുത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദ മേഖലയും അതുമൂലമുള്ള അന്തരീക്ഷ ചുഴിയുമാണ് കനത്തമഴക്ക് കാരണം. പടിഞ്ഞാറന്‍ കാറ്റ് ശക്തമായതോടെയാണു തെക്കന്‍ ജില്ലകളില്‍ മഴ കനത്തത്. ഇതോടെ തീരദേശ മേഖലയില്‍ കടല്‍ ക്ഷോഭവും ശക്‌തമായി. 70 കിലോമിറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകുരുതെന്നും മുന്നറിയിപ്പുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ എട്ടു ജില്ലകളില്‍ പ്രൊഫഷനല്‍ േേകാളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. കേരള, എംജി, ആരോഗ്യ സര്‍വ്വകലാശാലകള്‍ ഇന്നത്തെപരീക്ഷകള്‍ മാറ്റിവെച്ചു. കൊച്ചി സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല.

ആലപ്പുഴയില്‍ അന്ത്യോദയ എക്സ്പ്രസ് ട്രെയിന് മുകളിലേക്ക് മരം വിണു . ഇതോടെ അരൂരിനും എഴുപുന്നയ്ക്കുമിടയില്‍ ട്രെയിന്‍ പിടിച്ചിട്ടു. വൈദ്യുത കമ്ബിയില്‍ തട്ടിയാണ് മരം വീണത്. റെയില്‍വേയുടെ വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിച്ചതിനാല്‍ ഗതാഗതം നിലച്ചു. മറ്റു ട്രെയിനുകള്‍ വിവിധ സ്‌റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്. എറണാകളും സൗത്ത് റെയില്‍വെ സ്‌റ്റേഷനില്‍ പാളത്തില്‍ വെള്ളം നിറഞ്ഞു. ഇതോടെ ട്രെയിന്‍ ഗാതാഗതം തടസ്സപ്പെട്ടു. പാളം നിറഞ്ഞ് വെള്ളം പ്ലാറ്റ്‌ഫോം വരെ ഉയര്‍ന്നു.

പമ്ബാനദി കരകവിഞ്ഞു. പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ ചെത്തോങ്കരയില്‍ വെള്ളം കയറി. മൂഴിയാര്‍, മണിയാര്‍ അണക്കെട്ടുകള്‍ തുറന്നിട്ടുണ്ട്. പമ്ബാനദിയില്‍ ജലനിരപ്പ് ഉയരുകയാണ്. മുല്ലപ്പെരിയാറില്‍ 130 അടിയിലേക്ക് ജലനിരപ്പ് ഉയര്‍ന്നു.

ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് തിരുവനന്തപുരത്തെ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ജനങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശമുണ്ട്. വയനാട്ടിലെ ബാണാസുര സാഗര്‍ ഡാം ഷട്ടറുകള്‍ ഏതു നിമിഷവും തുറക്കും. പെരിങ്ങല്‍കൂത്ത് ഡാമിന്റെ അഞ്ച് ഷട്ടറുകര്‍ തുറന്നു.
ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രി മലയോര മേഖലയിലേക്കുള്ള യാത്ര നിയന്ത്രിക്കണമെന്നു ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. മഴയിലും കാറ്റിലും പലയിടത്തും വീടുകള്‍ക്ക് മുകളിലേക്ക് മരം വീണു. റോഡുകളള്‍ വെള്ളംനിറഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം മുടങ്ങി. താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. കാറ്റിലും മഴയിലും വന്‍ കൃഷിനാശമാണ് ഉണ്ടായിട്ടുള്ളത്.



