KOYILANDY DIARY

The Perfect News Portal

ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായി കുമ്മനം രാജശേഖരന്‍ നിയമിതനാകുമെന്ന് സൂചന

ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായി ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ നിയമിതനാകുമെന്ന് സൂചന. ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിളിപ്പിച്ചത് അനുസരിച്ച് ചൊവ്വാഴ്ച വൈകീട്ട് കുമ്മനം ഡല്‍ഹിക്കു പോയി. ന്യൂഡല്‍ഹിയില്‍ ബുധനാഴ്ച നടക്കുന്ന ബി.ജെ.പി. സംസ്ഥാന കോര്‍ഗ്രൂപ്പ് യോഗത്തില്‍ കുമ്മനം പങ്കെടുക്കും. നിലയ്ക്കല്‍ സമരനായകനായി ജനശ്രദ്ധയിലെത്തിയ അദ്ദേഹം ആറന്മുള വിമാനത്താവളപ്രക്ഷോഭം വരെ നിരവധി പ്രക്ഷോഭ പരിപാടികളുടെ നായകസ്ഥാനത്തായിരുന്നു. ഈ സമരപാരമ്പര്യമൊക്കെ പുതിയ സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കുന്നതിന് ആര്‍.എസ്.എസിനെ പ്രേരിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടിയിലെ എല്ലാ വിഭാഗത്തിനും സ്വീകാര്യനാണ് എന്നതും കുമ്മനത്തിന് അനുകൂലഘടകമായി.തിങ്കളാഴ്ച കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കുമ്മനം കൂടിക്കാഴ്ച നടത്തിയിരുന്നു. ശബരിമലയെ തീര്‍ത്ഥാടന നഗരമായി പ്രഖ്യാപിക്കുക, രംഗനാഥ കമ്മിഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയുന്നതായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനവുമായാണ് കുമ്മനം മോദിയെ കണ്ടത്. ഹിന്ദു ഐക്യവേദിയുടെ നിവേദനം സ്വീകരിച്ച പ്രധാനമന്ത്രി പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് കുമ്മനത്തെ ക്ഷണിക്കുകയും ചെയ്തു.