ബിഹാറില്‍ മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത് 84 കുട്ടികള്‍

പട്ന : കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്റെ ആശുപത്രി സന്ദര്‍ശനത്തിനിടെ അഞ്ചുവയസ്സുകാരിക്ക് മരണം. ബിഹാറിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിലാണ് മസ്തിഷ്കജ്വരം ബാധിച്ച കുട്ടി ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ മരണപ്പെട്ടത്. മസ്തിഷ്കജ്വരം പിടിപെട്ട് രണ്ടാഴ്ചയ്ക്കിടെ 84 കുട്ടികളാണ് ബിഹാറില്‍ ഇതുവരെ മരണപ്പെട്ടത്.
രണ്ടുദിവസത്തിനിടയില്‍ മാത്രം 25 പേരാണു മരിച്ചത്. തുടര്‍ച്ചയായി മുസാഫര്‍പുരില്‍തന്നെ ഇത്തരം കൂട്ട ശിശുമരണം ഉണ്ടായിട്ടും യഥാര്‍ഥകാരണം കണ്ടെത്താന്‍ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല. മസ്തിഷ്ക ജ്വരത്തോടൊപ്പം മേഖലയില്‍ അതി തീവ്രമായ ചൂടനുഭവപ്പെടുന്നതും മരണ സംഖ്യ ഉയരാനിടയായിട്ടുണ്ടാവാമെന്നാണ് നിഗമനം. മരണനിരക്കു വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന് ഞായറാഴ്ച മുസാഫര്‍പുരിലെ ആശുപത്രി സന്ദര്‍ശിച്ചത്.

രക്തത്തില്‍ ഗ്ളൂക്കോസിന്റെ അളവു കുറഞ്ഞാണ് (ഹൈപ്പോഗ്ളൈസീമിയ) പെട്ടെന്നു മരണം സംഭവിക്കുന്നത്. എന്നാല്‍, എന്താണു മസ്തികജ്വരത്തിലേക്കു നയിക്കുന്ന ഘടകമെന്നു കണ്ടെത്താനായിട്ടില്ല.

